ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

Advertisement
Featured Image

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചതായും കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ ഗുണഭോക്തക്കളുടെ ഫേസ്-1, ഫേസ്-2എ, ഫേസ്-2ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കായി 5.58 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ അദാലത്തിലൂടെ വായ്പാ വിവരങ്ങള്‍ ശേഖരിച്ചാണ് പണം നല്‍കിയത്. വാണിജ്യ വായ്പകള്‍ ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് നല്‍കുന്ന ദിനബത്ത, വീട്ടുവാടക മൂന്ന് മാസത്തേക്ക് കൂടി തുടരും. ടൗണ്‍ഷിപ്പിലേക്ക് താമസം മാറിയ കുടുംബങ്ങള്‍ വീട്ടു വാടക നല്‍കില്ല. 


ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കും. ദുരന്ത നിവാരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ കാര്‍ഷിക ഭൂമി പുനഃക്രമീകരിച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പുത്തുമല ദുരന്ത ബാധിതതര്‍ക്കായി ഒരുക്കിയ ഹര്‍ഷം പദ്ധതി ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.



ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു

 

ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശത്തും കല്‍പ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബൃഹദ് പദ്ധതി തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 


ടൗണ്‍ഷിപ്പിലെ റോഡില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തതായും മഴ ശക്തിപ്രാപിക്കുമ്പോള്‍ ആവശ്യമെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിച്ച് ചെളി നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ചൂരല്‍മലയില്‍ പാലം നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായതായും സര്‍ക്കാര്‍ അനുമതി ആവശ്യമെങ്കില്‍ പ്രത്യേകം പരിഗണന നല്‍കി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പുഞ്ചിരിമട്ടത്തെ പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  


സാസ്‌കി പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം നടക്കുന്ന റോഡ്, പാലം, സ്‌കൂള്‍, ഫയര്‍ സ്റ്റേഷനുകള്‍, സ്‌കില്‍ പാര്‍ക്ക്, ഷെല്‍ട്ടര്‍ ഹോം, മറ്റ് കെട്ടിടങ്ങള്‍, ജലവിഭവ-ജലസേചന വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പദ്ധതി നടത്തിപ്പില്‍ സര്‍ക്കാറിന്റെ അംഗീകാരം ആവശ്യമെങ്കില്‍ തുടര്‍ നടപടി സ്വീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

LATEST
News Image