സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്.തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടങ്ങിയതോടെ വില്പനാ സമ്മർദ്ദം ശക്തമായതാണ് വിലയിടിവിന് കാരണമായത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,17,200 രൂപയിലും ഗ്രാമിന് 14,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവൻ വില 2,280 രൂപ കുറഞ്ഞ് 1,17,800 രൂപയിലെത്തി. ഗ്രാമിന്റെ വില 285 രൂപ ഇടിഞ്ഞ് 14,725 രൂപയിലെത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു .
അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,500 ഡോളർ നിലവാരത്തേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ

