ദില്ലി: ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്. ഇപ്പോഴിതാ യുപിഐക്ക് ഒരു പ്രധാന അപ്‍ഡേറ്റ് വരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ സ്‍മാർട്ട്‌ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ തുടങ്ങിയ ഐഒടി ഉപകരണങ്ങൾക്ക് ഓണ്‍ലൈന്‍ പേയ്‌മെന്‍റുകൾ ആരംഭിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം എൻപിസിഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോർട്ട്.
ഡിവൈസുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് പേമെന്‍റ് ഇടപാടുകളാണ് ഐഒടി പേയ്‌മെന്‍റുകൾ. ഈ സവിശേഷത പ്രവർത്തനക്ഷമമാക്കിയാൽ, കാറിലെ ഒരു ഐഒടി ഉപകരണത്തിൽ നിന്ന് പാർക്കിംഗ് ഫീസ് നേരിട്ട് അടയ്ക്കാം. അതുപോലെ, മെട്രോ ടിക്കറ്റുകൾ ഒരു വെയറബിൾ വാച്ച് അല്ലെങ്കിൽ ഒരു റിംഗ് ഉപകരണത്തിലൂടെ പ്രോസസ് ചെയ്യാൻ കഴിയും. അതുമല്ലെങ്കിൽ ഒന്നിലധികം ഒടിടികളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഐഒടി ഫീച്ചറുള്ള സ്മാർട്ട് ടിവി വഴി പുതുക്കാൻ കഴിയും. അതായത് ഐഒടി ഉപകരണങ്ങൾക്ക് യുപിഐ ചട്ടക്കൂടിനുള്ളിൽ ഓട്ടോമാറ്റിക്കായി പേയ്‌മെന്‍റുകൾ ആരംഭിക്കാനും പൂർത്തിയാക്കാനും കഴിയും. പേയ്‌മെന്‍റുകള്‍ക്കായി തേഡ്-പാര്‍ട്ടി യുപിഐ ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല.