സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം ‘വാട്‌സാപ്പ് ലക്കി ഡ്രോ’:സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് മുന്നറിയിപ്പ്
കൊച്ചി: വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്.
തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.
വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.
കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.