ഒടുവിൽ മടക്കാവുന്ന ഐഫോണുമായി ആപ്പിൾ; ഐഫോൺ ഡ്യൂയോവിന്റെ വില അമ്പരപ്പിക്കും
തിരുവനന്തപുരം :ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി മടക്കാവുന്ന സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് ആധിപത്യം പുലർത്തുന്നതിനിടെയാണ് ആപ്പിളും പുതിയ മോഡലുമായി രംഗപ്രവേശനം ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഐഫോൺ ഡ്യൂയോ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് വില.രണ്ട് സ്ക്രീനുകളുമായി പുതിയ രൂപകൽപ്പനപുസ്തകം പോലെ തുറക്കാനും അടയ്ക്കാനും കഴിയുന്ന രൂപകൽപ്പനയാണ് ഐഫോൺ ഡ്യൂയോയുടേത്. എയ്‌റോസ്‌പേസ് നിലവാരത്തിലുള്ള ടൈറ്റാനിയം ഫ്രെയിമിനുള്ളിൽ 7.6 ഇഞ്ച് വലുപ്പമുള്ള മടക്കാവുന്ന അകത്തെ സ്ക്രീനും 5.4 ഇഞ്ച് പുറം സ്ക്രീനുമാണ് നൽകിയിരിക്കുന്നത്. ഐഫോൺ 18 പ്രോ മാക്സിലെ സ്ക്രീനിനെക്കാൾ 50 ശതമാനം വലുതാണ് അകത്തെ ഡിസ്പ്ലേ. രണ്ട് സ്ക്രീനുകളിലും യുഎസ്ബി-സി ആപ്പിൾ പെൻസിൽ പിന്തുണയുണ്ട്.ടൈറ്റാനിയം ഫ്രെയിം; മടക്കിൽ പുതിയ സാങ്കേതികവിദ്യഗ്രേഡ് 5 ടൈറ്റാനിയവും സെറാമിക് ഷീൽഡ് 2ഉം ചേർന്നാണ് ഫോണിന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. നൈറ്റ് സ്കൈ, സ്റ്റാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭിക്കുക.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യയിൽ; വില 1,64,900 രൂപ മുതൽ
തിരുവനന്തപുരം :ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടിയിലാണ് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് ക്യാമറ, പ്രകടനം, കൃത്രിമബുദ്ധി, ബാറ്ററി എന്നിവയിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ വിലഐഫോൺ 18 പ്രോയുടെ 256 ജിബി അടിസ്ഥാന മോഡലിന് അമേരിക്കയിൽ 1,199 ഡോളറാണ് വില. ഐഫോൺ 18 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,299 ഡോളറാണ് വില. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപ മുതലാണ്. ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയാണ് പ്രാരംഭ വില. 256 ജിബിക്ക് പുറമെ 512 ജിബി, 1 ടിബി, 2 ടിബി സംഭരണശേഷിയുള്ള മോഡലുകളും ലഭ്യമാകും.പുതിയ നിറങ്ങളും വിൽപ്പനയുംകറുപ്പ്, വെള്ളി, ഗ്ലേഷ്യർ എന്നീ നിറങ്ങൾക്ക് പുറമെ പുതിയ ബർഗണ്ടി നിറത്തിലും ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾ ലഭിക്കും. സെപ്റ്റംബർ 12 മുതൽ മുൻകൂർ ബുക്കിങ് ആരംഭിക്കും. സെപ്റ്റംബർ 18 മുതൽ ഫോണുകൾ വിപണിയിലെത്തും.
പവര്‍കട്ടിനും ചൂടിനും ആശ്വാസമാകുമോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിന് പ്രതീക്ഷ; 11, 12 തീയതികളിലായി എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിച്ചു. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.
ഇനി ബസുടമകൾ കുടുങ്ങും; സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി
സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി) നടപടി ശക്തമാക്കി. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്നാണ് പുതിയ നടപടി.പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളിൽ ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പിസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമ ലംഘനങ്ങൾ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം.
ലഹരി ഉറവിടം തേടി വയനാട് പോലീസ്;ലഹരി വിൽപ്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി
ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയുംപിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസു കളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം. എയുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌ത് നടത്തിയ തുട രന്വേഷണത്തിലാണ് ഇവർക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്.തൃശൂർ, ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ ധനൂപ് (27), ബത്തേരി, പള്ളി ക്കണ്ടി, കല്ലുവയൽ, ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കല്‍പ്പറ്റ അമൃദില്‍ പി.എസ്.സി മത്സരപരീക്ഷാ പരിശീലന പദ്ധതിയിലേക്ക് ധനസഹായത്തോടെ ക്യാമ്പ് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്കാണ് അവസരം. അപേക്ഷകര്‍ 18 നും 40 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരായിരിക്കണം. പ്രവൃത്തിപരിചയം അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, അമൃദ് കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, പിന്‍ 673122 വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം. ഇ-മെയില്‍ amridwyd@gmail.com. ഫോണ്‍: 04936-202195, 7025041215
വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
യുവജനങ്ങളുടെ സര്‍ഗ്ഗാത്മകത ആശയങ്ങള്‍ ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന 'വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2027'-ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലെ 'മൈ ഭാരത്' പ്ലാറ്റ്‌ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്. 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആറ് പ്രമുഖ ട്രാക്കുകളിലാണ് മത്സരങ്ങള്‍. ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വികസിത് ഭാരത് ചലഞ്ച്, നാടോടി നൃത്തം, നാടന്‍പാട്ട്, ചിത്രരചന, പ്രസംഗം, കവിതാരചന ഇനങ്ങളിലായി നടക്കുന്ന കള്‍ച്ചറല്‍ ട്രാക്ക്, ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറുമായി സഹകരിച്ച് നടത്തുന്ന ഡിസൈന്‍ ഫോര്‍ ഭാരത്, ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടുത്ത മത്സരം ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്, ഐ.ഐ.ടി കാണ്‍പൂര്‍ നോളജ് പാര്‍ട്ണറായ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്, യൂത്ത് പാര്‍ലമെന്റ് എന്നിവയാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ലേലം
സുല്‍ത്താന്‍ ബത്തേരി എം.ഐ സെക്ഷന്‍ രണ്ടിന് കീഴിലുള്ള ബട്ടുവാടി ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം പമ്പ് ഹൗസില്‍ ഉപയോഗ ശൂന്യമായ ജി ഐ പൈപ്പുകള്‍ സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് പമ്പ് ഹൗസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍- 9656203039
കുട്ടികളുടെ ബയോഡൈവേഴ്സിറ്റി കോൺഗ്രസ് 26 ന്
വിദ്യാർഥികളിൽ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന ബയോഡൈവേഴ്സിറ്റി കോൺഗ്രസിന്റെ 19 ാമത് പതിപ്പ് സെപ്റ്റംബർ 26 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നടക്കും. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പ്രൊജക്റ്റ് അവതരണം, ഹോം സ്റ്റെഡ് ബയോഡൈവേഴ്സിറ്റി എന്നീ മത്സരങ്ങള്‍ നടത്തും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ജില്ലാതല മത്സര വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാം. ഫോൺ: 9656863232.
എം.ബി.എ അഡ്മിഷന്‍
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9496366741, 8547618290.
ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാർ യൂണിവേഴ്സിറ്റി പരീക്ഷയിൽ വീണ്ടും റാങ്ക് തിളക്കം
നീലഗിരി:ഭാരതിയാർ യൂണിവേഴ്സിറ്റി 2023-26 ബാച്ച് പരീക്ഷാഫലം വന്നപ്പോൾ ഉജ്ജ്വല നേട്ടവുമായി നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഓട്ടോണമസ് പദവി ലഭിക്കുന്നതിന് മുൻപുള്ള അവസാന യൂണിവേഴ്സിറ്റി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫലം പുറത്തുവന്നപ്പോൾ ഒരു ഗോൾഡ് മെഡൽ ഉൾപ്പെടെ 14 റാങ്കുകളാണ് കോളേജിനെ തേടിയെത്തിയത്.ഇതോടെ ഭാരതിയാർ യൂണിവേഴ്സിറ്റിയുമായുള്ള നീലഗിരി കോളേജിന്റെ അക്കാദമിക് യാത്രയിൽ 7 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ ആകെ റാങ്കുകളുടെ എണ്ണം 72 ആയി ഉയർന്നു. മുൻ ബാച്ചുകളിലായി 6 ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 58 യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജ് കരസ്ഥമാക്കിയിരുന്നു.ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിലെ ഷഹല റഹ്ഷിമ എ ഒന്നാം റാങ്കോടെ സ്വർണ്ണപ്പതക്കം കരസ്ഥമാക്കി നീലഗിരിയുടെ തിലകക്കുറിയായി.*മറ്റ് പ്രധാന റാങ്ക് ജേതാക്കൾ:*ബി.കോം ഫിനാൻസ് വിഭാഗത്തിൽ: ആയിഷ പി ടി (രണ്ടാം റാങ്ക്), സഫിയ എം (മൂന്നാം റാങ്ക്), ആധ്യ മണികണ്ഠൻ (നാലാം റാങ്ക്), ധനമാൽ ആർ (അഞ്ചാം റാങ്ക്).ബി.എസ്.സി മൾട്ടിമീഡിയ & വെബ് ടെക്നോളജി വിഭാഗത്തിൽ: അൻസാർ അഹമ്മദ് എ (രണ്ടാം റാങ്ക്), നിരഞ്ജൻ എ ആർ (മൂന്നാം റാങ്ക്), ഷാഹിൻ അനസ് ടി (നാലാം റാങ്ക്), ഫിസ ഫാത്തിമ കെ പി (അഞ്ചാം റാങ്ക്).ബി.എസ്.സി സൈക്കോളജി വിഭാഗത്തിൽ: ധനലക്ഷ്മി എം (മൂന്നാം റാങ്ക്), സെമിഹ സി കെ (പത്താം റാങ്ക്).ബി.ബി.എ ഐ.ബി വിഭാഗത്തിൽ: ശിവാനി ബി (നാലാം റാങ്ക്), ദേവിക ഇ (ഏഴാം റാങ്ക്).ബി.സി.എ വിഭാഗത്തിൽ: ഷിബില ഷെറിൻ (ആറാം റാങ്ക്), ഭാരതിയാർ യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫീലിയേറ്റഡ് സിസ്റ്റത്തിലെ അവസാന അക്കാദമിക് ബാച്ചിലും ഉന്നത വിജയം നൽകി ചരിത്രം കുറിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് കോളേജ് മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസ്സാലി വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഓട്ടോണമസ് ബാച്ചുകളിലും ഈ മികച്ച വിജയം തുടർന്നു കൊണ്ടുപോകാൻ സ്ഥാപനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും കോളേജ് മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പിന്റെ സവാള വിത്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
കൃഷി വകുപ്പ് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോര്‍ട്ടികോര്‍പ് മുഖേന ജില്ലയില്‍ കുറഞ്ഞ നിരക്കില്‍ സവാള വിത്പന ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഹോര്‍ട്ടികോര്‍പ് മൊബൈല്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. വിപണിയില്‍ കിലോ ഗ്രാമിന് 65.75 രൂപയോളം വില നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പിലൂടെ പൊതുജനങ്ങള്‍ക്ക് കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്) സംഭരിച്ച രണ്ട് ടണ്‍ സവാളയാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത്. നിലവില്‍ രണ്ട് വാഹനങ്ങളിലായാണ് വിത്പന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനങ്ങളെത്തും. കൃഷി-ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടണ്‍ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയ 30 ടണ്ണില്‍ 20 ടണ്‍ ഇതിനകം കേരളത്തിലെത്തി. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലേക്കും 10 ടണ്‍ തെക്കന്‍ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടണ്‍ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓര്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ എ.ആര്‍ ചിത്ര, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ലാല്‍സുന, ഹോര്‍ട്ടികോര്‍പ് അസി. മാനേജര്‍ സിബി ചാക്കോ, ഹോര്‍ട്ടികോര്‍പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
വൈത്തിരി :പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലയോഗം ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.ജെ ആന്റണി ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ചും വിശദമായരീതിയിൽ സംസാരിച്ചു.പ്രസിഡന്റായി ഷാജഹാൻ എം. എസ്, വൈസ് പ്രസിഡന്റ്‌മാരായി നാസർ. കെ, ജാൻസി ജോണിയേയും,ജന :സെക്രട്ടറി മാരായി മുജീബ് തളിപ്പുഴ, ആഷിക്ക് വൈത്തിരി,ശിവ പ്രസാദ്, ത്രേസ്യമ ആന്റണി എന്നിവരെയും ട്രഷറര്‍ ആയി മജീദ് വൈത്തിരിയേയും തിരഞ്ഞെടുത്തു.ബ്ലോക്ക് ജന :സെക്രട്ടറി ഷഹീർ ഇ. കെ സ്വാഗതവും വത്സമ്മ ബാബു നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറ-വൈത്തിരി റോഡില്‍ ഗതാഗത നിയന്ത്രണം
ബാണാസുര സാഗര്‍ പദ്ധതിയുടെ കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ ജംങ്ഷനിലെ തരുവണ-പടിഞ്ഞാറത്തറ-വൈത്തിരി റോഡില്‍ ഇന്ന് (സെപ്റ്റംബര്‍ 10) മുതല്‍ ഗതാഹത നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ 10 വരെയാണ് ഗതാഗത നിയന്ത്രണം. ഇതു വഴി വരുന്ന വാഹനങ്ങള്‍ സമീപത്തുള്ള താത്ക്കാലിക റോഡിലൂടെ പോകണം. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിച്ച് യാത്ര ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് 16 ന്
സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 16 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ രാവിലെ 10.30 മുതല്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, കമ്മീഷന്‍ അംഗം ടി.കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും. ഗോത്രവര്‍ഗ്ഗ വിഭാഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലുള്ള കേസുകളില്‍ പരാതിക്കാര്‍, എതിര്‍കക്ഷികള്‍, ഉദ്യോഗസ്ഥരെ നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ പോലീസ്, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
പി.ആര്‍.ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിക്ക് കീഴിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം/ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡൈ്വര്‍ടൈസിങ്ങില്‍ ഡിപ്ലോമ/ ന്യൂ മീഡിയ/ സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മ്മാണത്തിലും എഡിറ്റിങ്ങിലും പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ക്ക് 2026 സെപ്റ്റംബര്‍ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15. അപേക്ഷകള്‍ https://prism.prd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദ നിര്‍ദേശങ്ങള്‍ prd.kerala.gov.in, cdit.kerala.gov.in ല്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
ഓവര്‍സീയര്‍ നിയമനം
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലേക്ക് തേര്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ / ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി സെപ്റ്റംബര്‍ 14 ന് രാവിലെ 11 ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935-230325
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ 11146 പേര്‍ അറസ്റ്റിലായി. 10301 കേസുകള്‍ എടുത്തു
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11146 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 45 കേസുകളിലായി 61 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10301 ആയി. ഇതുവരെ 23571.253 ഗ്രാം എം.ഡി.എം.എയും 1228.527 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (1022). ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളതും മലപ്പുറത്താണ് (1181 പേര്‍). 1007 കേസുകളുമായി രണ്ടാം സ്ഥാനത്താണ് കോഴിക്കോട് സിറ്റി. കൊച്ചി ,പാലക്കാട്, കോട്ടയം എന്നീ പോലീസ് ജില്ലകള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 151 എണ്ണം. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 18 കേസുകളും കോട്പ പ്രകാരം 26 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 44.100 ഗ്രാം എം.ഡി.എം.എയും 4.689 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9628 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 703 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6769 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍' 3.0 പദ്ധതി
കോടതികളില്‍ കെട്ടിക്കിടക്കുന കേസുകളില്‍ പരിഹാരം കാണുന്നതിന് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍' മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 3.0' തര്‍ക്കപരിഹാര പദ്ധതിയുടെ മൂന്നാം ഭാഗം ഒക്ടോബര്‍ ഒന്നിന് തുടക്കമാകും. സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററും സംയുക്തമായാണ് സംരംഭം നടപ്പാക്കുന്നത്. ജില്ലാ-മുന്‍സിഫ്-സബ്-കുടുംബ-താലൂക്ക് കോടതികള്‍, ഗ്രാമ ന്യായാലയങ്ങളിലെ കേസുകള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. കോടതികളില്‍ നിന്നും സെപ്റ്റംബര്‍ 30 വരെ കേസുകള്‍ മീഡിയേഷന്‍ സെന്ററിലേക്ക് അയക്കാം. കുടുംബ തര്‍ക്കങ്ങള്‍, വസ്തു സംബന്ധമായ കേസുകള്‍, ബിസിനസ് തര്‍ക്കങ്ങള്‍, ഇന്‍ഷുറന്‍സ്, വാഹന അപകട കേസുകള്‍, ബാങ്കിങ്, മറ്റ് സിവില്‍ കേസുകള്‍ മധ്യസ്ഥതാ രീതിക്ക് അനുയോജ്യമാണ്. മധ്യസ്ഥത സ്വമേധയായുള്ളതാണെന്നും ഇതിലൂടെ കക്ഷികള്‍ക്ക് സമയവും കോടതി ചെലവുകളും ലാഭിക്കാന്‍ കഴിയും. കക്ഷികള്‍ക്ക് സൗജന്യമായി വിദഗ്ധരായ മീഡിയേറ്റര്‍മാരുടെ സേവനം ജില്ലാ മീഡിയേഷന്‍ സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ, ജില്ലാ മീഡിയേഷന്‍ സെന്ററുമായോ ബന്ധപ്പെടാം. ഫോണ്‍- 04936 207800.
ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നു.
അമൃദില്‍ നടത്തുന്ന പി.എസ്.സി മത്സരപരീക്ഷാ പരിശീലനത്തിന് വിഷയാടിസ്ഥാനത്തില്‍ ഫാക്കല്‍റ്റിമാരുടെ പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കണക്ക്, ഇംഗ്ലീഷ്, മലയാളം, ചരിത്രം, നവോത്ഥാനം, ഭരണഘടന, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കറന്റ് അഫയേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഷയങ്ങളിലേക്കാണ് ഫാക്കല്‍റ്റിമാരെ തിരഞ്ഞെടുക്കുന്നത്. ബിരുദവും പി.എസ്.സി കോച്ചിംഗ് ക്ലാസെടുത്ത് മുന്‍പരിചയവുമാണ് യോഗ്യത. അഭിമുഖം, മോക്ക് ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ അമൃദ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 'സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ., വയനാട്, പിന്‍: 673122 വിലാസത്തില്‍ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം നല്‍കണം. ഫോണ്‍: 04936-202195, 7025041215

