ദില്ലി: രാജ്യത്തുടനീളം നിർണായകമായ ഹൈവേകളും തുരങ്കങ്ങളും നിർമിക്കുന്നതിന് റിപ്പോർട്ട് തയ്യാറാക്കുന്നവർ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തത് അപകടങ്ങൾക്കും തകർച്ചക്കും കാരണമാകുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവരാണ്. കുറ്റവാളികൾ എന്നാണ് ഇവരെ വിളിക്കേണ്ടത്. ഈ വാക്ക് ഉപയോഗിച്ചതിന് ഞാൻ മാപ്പ് ചോദിക്കുന്നു. പക്ഷേ മറ്റുവഴിയില്ലെന്നും ഗഡ്കരി പറഞ്ഞു.
ഡിപിആർ നിർമ്മിക്കുന്ന കമ്പനികൾ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ളതാണ്. അവർ വിശദമായ അന്വേഷണമില്ലാതെ അവരുടെ വീടുകളിൽ നിന്ന് ഗൂഗിൾ നോക്കി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യവസായ സ്ഥാപനമായ എഫ്ഐസിസിഐ സംഘടിപ്പിച്ച ‘ടണലിംഗ് ഇന്ത്യ’യുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഡിപിആറിൽ സാങ്കേതിക വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഡിപിആർ നിർമ്മാതാക്കൾ ശരിയായ നടപടിക്രമങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗഡ്കരി പറഞ്ഞു.
ഡിപിആർ കിട്ടിയാൽ ടെൻഡർ കൊടുക്കുന്ന ജോലി മാത്രമാണ് നമ്മുടെ സർക്കാരിനുള്ളത്. സാങ്കേതിക പദങ്ങൾ മനസ്സിലാക്കാൻ യോഗ്യതകളുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില കമ്പനികൾ ടെൻഡർ നടപടികളിൽ കൃത്രിമം കാണിക്കുന്നുവെന്നും ഇത് അന്തിമ പദ്ധതിയിൽ പിഴവുകളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.