ദിവസവും രാവിലെ പ്രാതലിനൊപ്പം പലരും കൂടെ കൂട്ടുന്ന ഒരു ലഘു ഭക്ഷണമാണ് ബദാം. ചെറുതെങ്കിലും നിങ്ങള്‍ക്ക് ആരോഗ്യവും ചുറുചുറുക്കും നല്‍കുന്നതില്‍ ബദാം മുന്‍പന്തിയില്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ബദാം ഷെയ്ക്കുകള്‍ക്കൊപ്പവും സ്മൂത്തികള്‍ക്കൊപ്പവും എല്ലാം ആളുകള്‍ കഴിക്കാറുണ്ട്. ഇതുപോലെ തന്നെ ഏറെ ഗുണമുള്ള മറ്റൊരു രീതിയാണ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ബദാം കഴിക്കുന്നത്.
കുതിര്‍ത്ത ബദാം തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരീരത്തെ ശക്തമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു മാസത്തേക്ക് ദിവസവും 5 കുതിര്‍ത്ത ബദാം മാത്രം കഴിക്കുന്നത് ശരീരത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തും. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയില്‍ മാറ്റം വരുത്തുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
കുതിര്‍ത്ത ബദാം അവയുടെ തവിട്ട് നിറമുള്ള തൊലിയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകളുടെയും ഫൈറ്റിക് ആസിഡിന്റെയും അളവ് കുറയ്ക്കുന്നു. ഇത് ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും വേഗത്തിലാക്കും. ഇത്തരത്തില്‍ ആമാശയത്തിന് അവയുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നുത് വഴി വയറു വീര്‍ക്കുന്നതും അസ്വസ്ഥതയും തടയും.
അണ്‍ലിമിറ്റഡ് എനർജി
ബദാം വേഗത്തില്‍ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ , പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്നു. ഒരു മാസത്തേക്ക് സ്ഥിരമായി ഇവ കഴിക്കുന്നത് സ്ഥിരമായ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു. കഫീനെ ആശ്രയിക്കാതെ ഉച്ചസമയത്തെ മന്ദത കുറയ്ക്കാന്‍ ഇത് സഹായിക്കും.
ചര്‍മ്മത്തിന്റെ സൂപ്പര്‍ ഫുഡ്
ബദാം ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ബദാമിലെ വിറ്റാമിന്‍ ഇ ശക്തമായ ഒരു ആന്റിഓക്സിഡന്റാണ്. ഇത് മലിനീകരണം, സൂര്യപ്രകാശം എന്നിവ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു. 30 ദിവസം ഇത്തരത്തില്‍ ബദാം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ മൃദുവും ജലാംശവും ഉള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നത് മാത്രമല്ല ഉള്ളില്‍ നിന്ന് പോഷണവും ബദാം നല്‍കുന്നു.
തലച്ചോറിന്റെ ബെസ്റ്റ് ഫ്രണ്ട്
ബദാം തലച്ചോറിനെ ആരോഗ്യകരമാക്കി നിലനിര്‍ത്തുന്നു. ബദാമില്‍ റൈബോഫ്‌ലേവിന്‍, എല്‍-കാര്‍നിറ്റൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്ന പോഷകങ്ങളാണ് . ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അത്ഭുതകരമായ ഭക്ഷണമല്ലെങ്കിലും പതിവായി ഇവ കഴിക്കുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും കാലക്രമേണ മൂര്‍ച്ചയുള്ള ശ്രദ്ധയും മാനസിക വ്യക്തതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന് സ്വാഭാവിക പിന്തുണ
ബദാം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. മിതമായ അളവില്‍ കഴിക്കുമ്പോള്‍ ബദാം ‘നല്ല’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ‘മോശം’ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇവയിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദ നിലകളെ പിന്തുണയ്ക്കുന്നു, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യും.