ഫോണ്‍ ഉപയോഗവും അഡിക്ഷനും ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. കുട്ടികളിലും ചെറുപ്പക്കാരിലും വര്‍ദ്ധിച്ച് വരുന്ന ഫോണ്‍ അഡിക്ഷന്‍ എങ്ങനെയാണ് കുടുംബങ്ങളെയും സാമൂഹിക വലയത്തെയും ബാധിക്കുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും ആരോഗ്യ വിദഗ്ദര്‍ മനസിലാക്കി വരികയാണ്. തുടര്‍ച്ചയായി റീലുകള്‍ കാണുക, മണിക്കൂറോളം സ്‌ക്രോളിങ് ചെയ്യുക, ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥരാവുക ഇത്തരത്തിലുള്ള ശീലങ്ങളുള്ളയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍ ?
‘സ്‌ക്രീന്‍ അഡിക്ഷന്‍’ എന്ന ഒരു രോഗാവസ്ഥ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അഡിക്ഷന്‍ മൂലം ഉണ്ടാവുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തിയിട്ടുണ്ട്. അമിത ഫോണ്‍ ഉപയോഗം, ഇത് പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ട്, വിച്ഛേദിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം, സംതൃപ്തിക്കായി കൂടുതല്‍ സ്‌ക്രീന്‍ സമയത്തിന്റെ ആവശ്യകത തുടങ്ങിയ പാറ്റേണുകളാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ഉള്ള ഒരു വ്യക്തിയില്‍ കണ്ടു വരുന്ന പ്രത്യേകതകള്‍. ഇത് പതിയെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും മാനസികാവസ്ഥയെ പ്രതികൂലമായി മാറ്റുകയും ചെയ്യും.
സ്‌ക്രീന്‍ അമിത ഉപയോഗം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു ?
ഉറക്കത്തിലെ അസ്വസ്ഥതയാണ് പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉറക്കക്കുറവിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് രാത്രിയില്‍ ദീര്‍ഘനേരം സ്‌ക്രീന്‍ കാണുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചത്തിന്റെ എക്‌സ്‌പോഷര്‍ ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ വഷളാക്കുകയും ചെയ്യും.