ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുമായി രൂപീകരിച്ച കരുതൽ 2024 പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. രാജ്യത്തെ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റായ കരുതൽ 2024 പദ്ധതി. പദ്ധതി വഴി വ്യക്തികൾക്ക് സ്ഥിരമായി ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ മുതലും കൂട്ടു പലിശയും സഹിതം നേടുന്നതിനും സഹായിക്കുന്നു. ജില്ലാ ലീഡ് ബാങ്ക് ഓഫീസ് കൽപ്പറ്റയുടെ അഭിമുഖത്തിൽ നടപ്പാക്കുന്ന
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. രേണു രാജ് ജില്ലാ ബാങ്കിംഗ് അവലോകന യോഗത്തിൽ നിർവഹിച്ചു.
നിക്ഷേപങ്ങളുടെ സവിശേഷതകൾ
സ്ഥിരവും നിശ്ചിതവുമായ തുകകൾ മാസം തോറും നിക്ഷേപിക്കുന്നതിലൂടെ അച്ചടക്കമുള്ള സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സമ്പാദ്യ
ശീലം വളർത്തുന്നു. ഒറ്റത്തവണ തുക നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രയോജനകരമാണ്. വിദ്യാഭ്യാസം, വിവാഹം, യാത്ര തുടങ്ങിയ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറാൻ സഹായിക്കുന്നു.
ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതും മാർക്കറ്റ് റിസ്കുകൾക്ക് വിധേയമല്ലാത്തതുമായതിനാൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഇത് നഷ്ട സാധ്യത ഏറ്റടുക്കാൻ തയ്യാറല്ലാത്ത സാധാരണ നിക്ഷേപകർക്ക് അനുയോജ്യവുമാകുന്നു. നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ അത്യാവശ്യത്തിനു പണം ലഭ്യമാക്കുന്നു.
നിശ്ചിത പരിധിക്ക് താഴെയുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല. ബാങ്കുകൾ ആർഡികൾ നിയന്ത്രിക്കുന്നതിന് ഓൺലൈൻ സൗകര്യങ്ങൾ നൽകുന്നു. കാലാവധിക്കു മുൻപ് പിൻവലിക്കാനുള്ള അവസരം നൽകുന്നു. ജില്ലയിലെ മുഴുവൻ കുടുംബങ്ങളും കരുതൽ 2024 പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.