ബംഗളൂരു: ഐ.പി.എൽ പതിനേഴാം സീസൺ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി പുതിയ റോളിൽ.
കഴിഞ്ഞ സീസണിൽ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് ഡി.കെയുടെ പുതിയ റോൾ. കഴിഞ്ഞ സീസണിൽ ബാറ്റ് കൊണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം 2025ല്‍ ടീമിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമാകും.
അന്താഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ വിരമിച്ച കാര്‍ത്തിക് ഇത്തവണത്തെ ഐ.പി.എല്ലോടെയാണ് സമ്പൂര്‍ണമായി കളിക്കാരനെന്ന വേഷം അഴിച്ചുവെച്ചത്. പിന്നാലെയാണ് പരിശീലകനായി വരുന്നത്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റൺസാണ് റോയൽ ചലഞ്ചേഴ്സിനായി ദിനേഷ് കാർത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആർസിബിക്കൊപ്പം ഉണ്ടായിരുന്ന ഡി.കെ 2022ലാണ് ടീമിൽ തിരിച്ചെത്തുന്നത്. 2008ലെ ആദ്യ സീസൺ മുതൽ ഐ.പി.എൽ കളിച്ച താരം 257 മത്സരങ്ങളിൽ 135.36 സ്ട്രൈക്ക് റേറ്റിൽ 4842 റൺസാണ് അടിച്ചുകൂട്ടിയത്. 2004ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡി.കെ ഇന്ത്യക്ക് വേണ്ടി 96 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.