ഇന്ന് ശ്രീനാരായണഗുരു ജയന്തി. സമൂഹത്തിന്റെറെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾക്ക് എന്നത്തെക്കാളും പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന എന്നും പ്രസക്തമായ ആപ്‌തവാക്യം പകർന്നുതന്ന മഹാഗുരുവാണ് ശ്രീനാരായണ ഗുരു. എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകനാണ് അദ്ദേഹം. മനുഷ്യവംശത്തിൻ്റെ യാത്രാവഴികളിൽ ഒരു കെടാവിളക്കായി ശ്രീനാരായണ ഗുരു പ്രകാശം
പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീയതകളും വേലിക്കെട്ടുകളുമില്ലാത്ത മനുഷ്യർ സമാധാനത്തോടെ വാഴുന്ന ലോകമായിരുന്നു ശ്രീനാരയണ ഗുരുവിൻ്റെ സ്വപ്‌നം.
എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ അദ്ദേഹം, ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മ്‌മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി.
അരുവിപ്പുറം പ്രതിഷ്‌ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്‌ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്. വരും തലമുറകൾക്കും ഗുരുപഠിപ്പിച്ച പാഠങ്ങൾ വഴിവെളിച്ചമായി മാറാൻ, അവ പകർന്നുകൊടുക്കാൻ മനുഷ്യരാശിക്ക് കഴിയണം. ഗുരുദർശനങ്ങൾ ആഴത്തിൽ അറിയുകയും മനസിലാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.