വിലക്കയറ്റത്തെ തുടർന്ന് വരുമാനവും ജീവിത ബഡ്ജറ്റും തമ്മിൽ കൂട്ടി മുട്ടിയ്ക്കാനുള്ള ശ്രമത്തിലാണ് സാധാരണക്കാർ. റീറ്റെയ്ൽ പണപ്പെരുപ്പം കുറയുമ്പോഴും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നത് ആശങ്കാജനകമാണ്. സാധങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ മാറ്റത്തെ അളക്കുന്ന കൺസ്യൂമർ പ്രൈസ് ഇന്ഡക്സിൽ നിന്ന് ഭക്ഷ്യ ചിലവുകൾ ഒഴിച്ച് നിർത്തണമെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും രാഷ്ട്രീയ വ്യവസ്ഥയുടെയും യാഥാർഥ്യം മനസ്സിലാക്കുമ്പോൾ ഇതൊരു മാതൃകാപരമായ ആലോചനയായി കാണാൻ സാധിക്കില്ലെന്നും അഭിപ്രായമുണ്ട്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) 2022-23-ൽ നടത്തിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES) പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും ജനങ്ങൾ അവരുടെ കുടുംബ വരുമാനത്തിൻ്റെ 40-50 ശതമാനം ഭക്ഷണത്തിനായി ചെലവഴിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാരുടെ സേവിങ്സ് കണക്കിൽ സ്ഥിരമായ ഇടിവ് കാണുന്നുണ്ട്. ഇന്ത്യയിലെ ഗാർഹിക സമ്പാദ്യം 2021ൽ ജിഡിപിയുടെ 22.7 ശതമാനത്തിൽ നിന്ന് 2023ൽ 18.4 ശതമാനത്തിലേക്ക് കുറഞ്ഞു. 2022–23ൽ അറ്റ സാമ്പത്തിക സമ്പാദ്യം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 14.2 ലക്ഷം കോടിയിലെത്തി.