തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികളോട് സ്കൂൾ അവിടെ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 63-ാമത് സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവും സ്വാഗത നൃത്തവും കഴിഞ്ഞു വരുന്ന വഴിയിൽ നിന്ന കുട്ടികളോടാണ് മുഖ്യമന്ത്രിയുടെ മറുപടി.
സ്വാഗത നൃത്തത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളും പങ്കെടുത്തിരുന്നു. ഇതിന് ശേഷം സ്റ്റേജിൽ ഇവരുടെ പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിലും മുഖ്യമന്ത്രി വെള്ളാർമല സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരാമർശിച്ചിരുന്നു. വെള്ളാർമല സ്കൂളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. ഇതിനു ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ കുട്ടികളോട് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
സംസാരത്തിനിടെ നിങ്ങളുടെ നല്ല സ്കൂളല്ലേയെന്ന് മുഖ്യമന്തി കുട്ടികളോട് ചോദിച്ചു. കുട്ടികളിലൊരാൾ ഞങ്ങളുടെ സ്കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണമെന്നു പറഞ്ഞു. അപ്പോഴാണ് മുഖ്യമന്ത്രി ഒരു പെൺകുട്ടിയുടെ തലയിൽ കൈവച്ച് നിങ്ങടെ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും എന്ന് ആശ്വസിപ്പിച്ചത്.