ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. അമിതമായ ഡാറ്റ ഉപഭോഗത്താൽ മടുത്തവർക്ക് ഒരു ഗെയിം-ചേഞ്ചർ ആകാൻ സാധ്യതയുള്ള ഒരു ഫീച്ചർ ആയിരിക്കും ഇതെന്നാണ് വാബീറ്റഇന്‍ഫോ പുറത്തുവിട്ട വാര്‍ത്ത.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിനുള്ള ഒരു പ്രാഥമിക ഉപകരണമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ മുതൽ ജോലിസ്ഥലം, സ്‍കൂൾ ഗ്രൂപ്പുകൾ വരെയുള്ള മീഡിയ ഫയലുകൾ നമ്മുടെ ഡിവൈസുകളിലേക്ക് ദിവസവും ഒഴുകിയെത്തുന്നു. എന്നാൽ ഓട്ടോ-ഡൗൺലോഡ് ഓണാക്കിയിരിക്കുമ്പോൾ ഈ മീഡിയ ഫയലുകൾ വലുപ്പമോ പ്രാധാന്യമോ പരിഗണിക്കാതെ പലപ്പോഴും ഡാറ്റയുടെ വിലയൊരു ഭാഗം ഉപയോഗിക്കുന്നു.