– കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ 10 കേന്ദ്രങ്ങളിൽ
കൽപ്പറ്റ:
വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രമണ്യൻ നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരു കൂടക്കീഴിൽ അണിനിരത്തി ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിക്കുന്നത്.
എല്ലാവിധ പഠനോപകരണങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ഈ കേന്ദ്രങ്ങളിൽ ലഭിക്കും.
ത്രിവേണി നോട്ട്ബുക്കുകൾ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാകും.
പ്രമുഖ ബ്രാന്റുകളുടെ സ്ക്കൂൾ ബാഗുകൾ എം ആർ പി യെക്കാൾ വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം സ്ക്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള വിവിധ തരം കുടകൾ, ആകർഷകമായ മോഡലുകളിൽ ലഭിക്കും. പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, കളർ പെൻസിലുകൾ തുടങ്ങിയവയും ഏറ്റവും വിലക്കുറവിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ജൂൺ 15 വരെ എല്ലാ സ്റ്റുഡന്റ്സ് മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കും.
പരിപാടിയിൽ കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി കെ അനിൽകുമാർ സ്വാഗതവും മാർക്കറ്റിങ്ങ് മാനേജർ വേലുസാമി നന്ദിയും പറഞ്ഞു.