ന്യൂയോർക്ക്: 2020 ൽ യൂട്യൂബിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയത് വെറും ഒൻപതുവയസുകാരൻ. ഏകദേശം 217.14 കോടി രൂപയാണ് ഈ വർഷം സമ്പാദിച്ചത്. ‘റയൻസ് ടോയ്‌സ് റിവ്യൂ’ (റയാൻസ് വേൾഡ്) എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ റയാനാണ് തന്റെ വീഡിയോ വ്യൂവിലൂടെ 29.5 ദശലക്ഷം അമേരിക്കൻ ഡോളർ സ്വന്തമാക്കിയത്.
ഫോർബ്‌സ് പുറത്തുവിട്ട ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാർസ് 2020 ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനാണ് അമേരിക്കയിൽ നിന്നുള്ള റയാൻ എന്ന ഒൻപതുവയസുകാരൻ. 2020 ൽ റയന്റെ ചാനൽ വ്യൂസ് 1220 കോടിയാണ് സബ്സ്ക്രൈബേർസ് 4.17 കോടിയും. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ചാനലാണ് ‘റയൻസ് ടോയ്‌സ് റിവ്യൂ’.
കളിപ്പാട്ടങ്ങളുടെ അൺബോക്സിങ്ങാണ് മെയിൻ ഇനം. ഓരോ കളിപ്പാട്ടത്തിന്റെ പ്രത്യേകതകളും ഗുണവും ദോഷവും എല്ലാം കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ റയാൻ പറഞ്ഞു തരുന്നു. ഒട്ടേറെ പ്രേക്ഷകരുടെ ചാനലിലെ വീഡിയോകളിൽ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ഭാഗമാവാറുണ്ട്.
റയാൻസ് ടോയ്‌സ് റിവ്യൂ എന്ന ചാനൽ റയാൻസ് വേൾഡ് എന്ന പേരിൽ ഏറെ പുതുമയോടെ മാറ്റിയെടുത്തിരിക്കുകയാണ് റയാൻ. കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്നതിന് പുറമെ പുതിയ നിരവധി പരീക്ഷണങ്ങളും ഈ കൊച്ചു മിടുക്കൻ ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്.








