വിവാഹ വാർഷികദിനത്തിൽ ധർമ്മേന്ദ്ര അനിജ തന്റെ ഭാര്യ സ്വപ്നയ്ക്ക് സമ്മാനമായി നൽകിയത് ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ്. രാജസ്ഥാനിലെ അജ്മീർ സ്വദേശികളാണ് ഇരുവരും. ഡിസംബർ 24ന് തങ്ങളുടെ എട്ടാം വാർഷിക ദിനത്തിലാണ് ഇത്തരമൊരു സ്പെഷ്യൽ സമ്മാനം ഭാര്യക്ക് കൊടുക്കാൻ ധർമ്മേന്ദ്ര തീരുമാനിച്ചത്.
ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേനയാണ് ഇദ്ദേഹം ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ഇതോടനുബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളം സമയമെടുത്തതായി ധർമ്മേന്ദ്ര പറഞ്ഞു. വിവാഹ വാർഷിക ദിനത്തിൽ സാധാരണയായി എല്ലാവരും വിലപിടിപ്പുള്ള സമ്മാനങ്ങൾ ഭാര്യയ്ക്ക് നൽകാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു ഗിഫ്റ്റ് തനിക്ക് നൽകണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ വാർഷിക ചടങ്ങിനിടെ ധർമ്മേന്ദ്ര സ്ഥലത്തിന്റെ രേഖകൾ ഭാര്യക്ക് കൈമാറി. ഇത്തരം ഒരു സ്പെഷ്യൽ ഗിഫ്റ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സ്വപ്ന. താൻ ഒരിക്കലും ഇങ്ങനെ ഒരു ഗിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും താൻ വളരെ സന്തോഷവതിയാണെന്നും സ്വപ്ന പറയുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സുശാന്ത് സിംഗ് രാജ്പുത് എന്നിവരെ കൂടാതെ ബോധഗയ്യിൽ നിന്നുള്ള നീരജ് കുമാർ തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു.








