പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയാണ്. അതിരാവിലെ സംഭവിക്കുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉയര്‍ന്ന അളവ് പലപ്പോഴും പ്രശ്‌നഭങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ബ്ലഡ് ഷുഗര്‍ അല്ലെങ്കില്‍ ബ്ലഡ് ഗ്ലൂക്കോസ് എന്നത് രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ പ്രധാന ഉറവിടമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പക്ഷേ കോര്‍ട്ടിസോള്‍, വളര്‍ച്ചാഹോര്‍മോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം അതിരാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയരും.
ഇത്തരത്തില്‍ സംഭവിക്കുന്നതിനെ ‘Dawn phenomenon’ എന്നാണ് വിളിക്കുന്നത്. സാധാരണയായി പുലര്‍ച്ചെ 4 മണിക്കും 8 മണിക്കും ഇടയിലുളള സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ടൈപ്പ് 1 , ടൈപ്പ് 2 പ്രമേഹമുള്ള 50 ശതമാനം ആളുകളെ ഇത് ബാധിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.
എന്തൊക്കെയാണ് രാവിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ ലക്ഷണങ്ങള്‍
ദാഹവും വിശപ്പും വര്‍ധിക്കുന്നു
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
തലവേദന, അമിത ദേഷ്യം
മങ്ങിയ കാഴ്ച, ക്ഷീണം, തലകറക്കം
എന്തുകൊണ്ടാണ് രക്തത്തില്‍ രാവിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പ്രധാന കാരണം ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിലെ കുറവാണ്. പുലര്‍ച്ചെയുള്ള സമയത്ത് ശരീരം കോര്‍ട്ടിസോള്‍, വളര്‍ച്ചാ ഹോര്‍മോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവിടും. കരളിനെ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാന്‍ ഉത്തേജനം കൊടുക്കുകയും ചെയ്യും.മാത്രമല്ല പ്രമേഹമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ലായിരിക്കാം. അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധമുള്ളതുകൊണ്ട് ഇത് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. തല്‍ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു.
Dawn Phenomenon ശ്രദ്ധിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും
രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധിക്കാതെവിട്ടാല്‍ ഇത് പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയരുന്നതിലേക്ക് നയിച്ചേക്കാം. ഇത് പ്രമേഹ സങ്കീര്‍ണതകളിലേക്കുളള സാധ്യത വര്‍ധിപ്പിക്കും. റെറ്റിനോപ്പതി(കണ്ണിലെ കേടുപാടുകള്‍), വൃക്ക തകരാറ് (നെഫ്രോപതി), നാഡീരോഗം(നാഡികള്‍ക്കുള്ള കേടുപാടുകള്‍), ഹൃദ്‌രോഗം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് നയിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കാം
നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് മരുന്നുകള്‍ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. പതിവായി ഭക്ഷണം കഴിക്കുകയും, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുകയും ചെയ്യുക, അത്താഴത്തോടൊപ്പം മരുന്ന് കഴിക്കുന്നതിന് പകരം ഉറക്കത്തിന് തൊട്ട് മുന്‍പ് മരുന്ന് കഴിക്കുക. വൈകുന്നേരം നേരത്തെ അത്താഴം കഴിക്കുക, അത്താഴത്തിന് ശേഷം, നടത്തം, യോഗ, ജോഗിംഗ് തുടങ്ങിയ ലഘു വ്യായാമങ്ങള്‍ ചെയ്യുക.








