കല്‍പ്പറ്റ: കേരളത്തിന്‍റെ നെഞ്ചുലച്ച വയനാട് മഹാദുരന്തത്തിന് ഈ മാസം 30ന് ഒരു വർഷമാകുന്നു. 2024 ജൂലൈ 30ന് തിങ്കളാഴ്ച വെള്ളരിമലയുടെ തലപ്പത്ത് നിന്ന് ആർത്തലച്ചു വന്നൊരു ഉരുൾ ഒരുകൂട്ടം മനുഷ്യരുടെ പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയുമെല്ലാം കവർന്നെടുത്തും. ചൂരൽമലയിലെയും മുണ്ടക്കെയിലേയും ബാക്കിയായ മനുഷ്യർ നിസ്സഹായരായി ഇരുട്ടിലേക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ടും ഒരാണ്ടാകുന്നു.
അവർക്ക് വെളിച്ചമാകേണ്ട, ധൈര്യം നൽകേണ്ട അധികാരികൾ ഇത്ര നിസംഗതയോടെ നോക്കി നിന്ന മറ്റൊരു ഇടവും ചരിത്രത്തിൽ പോലും വേറെ കാണില്ല. ആ ഹതഭാഗ്യരായ മനുഷ്യർ ഇപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ്. അവർക്ക് സ്വന്തമായി ഒരു കിടപ്പാടം ഇനിയെന്നാണ്? അവരുടെ തുടർചികിത്സകൾ ഇനി എങ്ങനെയാണ്? ഉപജീവനമാർഗ്ഗം ഇല്ലാതായവർ എങ്ങനെ മുന്നോട്ട് പോകും? ഇനിയെത്ര കാലം ഈ മനുഷ്യരെ നമ്മൾ ഈ പെരുമഴത്ത് തന്നെ നിർത്തും?