ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നും
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഓറഞ്ച്, റെഡ് ജാഗ്രത നിർദേശങ്ങളുള്ള സമയങ്ങളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തിവയ്ക്കണമെന്നും കളക്ടർ അറിയിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ബന്ധപ്പെട്ട തഹസിൽദാർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ഇക്കാര്യം പരിശോധിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യണം.
യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണവും കുറുവ ദ്വീപിലെ പ്രവേശന വിലക്കും തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.