തൊഴിൽ രഹിതരായ ഒബിസി യുവാക്കൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന നൈപുണി പരിശീലന പദ്ധതിയുമായി സഹകരിക്കാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. വ്യവസായാധിഷ്ഠിത പരിശീലനം, സർട്ടിഫിക്കേഷൻ, നൈപുണ്യ വികസനം എന്നിവ നൽകി യുവാക്കളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും അതുവഴി തൊഴിൽ-വരുമാന സാധ്യതകൾ, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ ഏജൻസികൾ, വിവിധ യൂണിവേഴിസിറ്റികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് താൽപ്പര്യപത്രം ക്ഷണിച്ചത്. മൂന്ന് മുതൽ ആറ് മാസം വരെയുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾക്ക് ആനുകൂല്യം അനുവദിക്കും. ഒരു ഉദ്യോഗാർത്ഥിക്ക് സ്റ്റൈപ്പന്റ്, ഫീസ് എന്നിവ ഉൾപ്പെടെ പരമാവധി 25,000 രൂപയാണ് അനുവദിക്കുക. പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 15ന് മുമ്പ് ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2727378, 2727379.