ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഒരു അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ലോകമെമ്ബാടുമുള്ള 250 കോടി ജിമെയില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പ് നടത്തിയ സൈബർ ആക്രമണ ശ്രമത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഹാക്കർമാർ നിങ്ങളുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുന്നത് തടയാൻ, ഉടൻ തന്നെ പാസ്‌വേഡ് മാറ്റുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എന്ന സുരക്ഷാ സംവിധാനം സജ്ജമാക്കുകയും ചെയ്യണമെന്ന് ഗൂഗിള്‍ നിർദ്ദേശിക്കുന്നു.
എന്താണ് ഷൈനി ഹണ്ടേഴ്സ്?
2020 മുതല്‍ സൈബർ ലോകത്ത് സജീവമായ ഒരു ഹാക്കിങ് സംഘമാണ് ഷൈനി ഹണ്ടേഴ്സ്. പ്രമുഖ കമ്ബനികളായ എടി&ടി, മൈക്രോസോഫ്റ്റ്, സാൻടാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയവയെ ആക്രമിച്ചതിന് പിന്നില്‍ ഈ സംഘമാണെന്ന് കരുതപ്പെടുന്നു. ഫിഷിങ് ആക്രമണങ്ങളാണ് ഇവരുടെ പ്രധാന ആയുധം.
ഫിഷിങ് ആക്രമണം എന്നാല്‍, വ്യാജ ഇമെയിലുകളോ വെബ്സൈറ്റുകളോ ഉപയോഗിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ലോഗിൻ വിവരങ്ങളും പാസ്‌വേഡുകളും മോഷ്ടിക്കുന്ന സൈബർ കുറ്റകൃത്യമാണ്. ജിമെയില്‍ ലോഗിൻ പേജിന് സമാനമായ വ്യാജ സൈറ്റുകളിലേക്ക് ഉപയോക്താക്കളെ ആകർഷിച്ച് അവരുടെ വിവരങ്ങള്‍ ചോർത്താനാണ് ഇവർ ശ്രമിക്കുന്നത്.
ഈ അടുത്ത കാലത്ത് നടത്തിയ ഒരു ആക്രമണത്തില്‍, മോഷ്ടിച്ച വിവരങ്ങള്‍ ഷൈനി ഹണ്ടേഴ്സ് പരസ്യമായി പ്രചരിപ്പിക്കുകയുണ്ടായി. ഇനിയും വലിയ തോതിലുള്ള ആക്രമണങ്ങള്‍ക്ക് ഇവർ പദ്ധതിയിടുന്നതായാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഹാക്കിങ് ശ്രമം നടന്നതായി സംശയിക്കുന്ന ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്രത്യേക ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത്
ജിമെയില്‍ അക്കൗണ്ടുകള്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ താക്കോലാണ്. ബാങ്കിങ്, ഓണ്‍ലൈൻ ഷോപ്പിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മിക്ക സേവനങ്ങളിലും ജിമെയില്‍ ഉപയോഗിച്ചാണ് നമ്മള്‍ ലോഗിൻ ചെയ്യുന്നത്. അതിനാല്‍, ഒരു ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ ഉണ്ടാക്കും.
ഈ സാഹചര്യത്തില്‍, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക:
ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക: നിലവിലെ പാസ്‌വേഡ് ഉടൻ തന്നെ മാറ്റുക. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ ഊഹിക്കാൻ കഴിയാത്തതുമായ ഒരു പുതിയ പാസ്‌വേഡ് തിരഞ്ഞെടുക്കുക.
ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഓണ്‍ ചെയ്യുക: പാസ്‌വേഡിന് പുറമെ, ഒരു രണ്ടാമത്തെ സുരക്ഷാ കവചം നല്‍കുന്ന സംവിധാനമാണിത്. നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്ബോള്‍, പാസ്‌വേഡിന് പുറമെ മൊബൈലിലേക്ക് വരുന്ന കോഡോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥിരീകരണ മാർഗ്ഗമോ ആവശ്യമായി വരും. ഇത് ഹാക്കർമാർ നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിച്ചാലും അക്കൗണ്ടിലേക്ക് കടന്നു കയറുന്നത് തടയും.