2022ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടതിന് ശേഷം സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് ഒരുപാട് ചർച്ചകളുണ്ടായിരുന്നു. താരത്തിന് വേണ്ടി ക്ലബ്ബുകളൊന്നും രംഗത്തെത്തിയതുമില്ല. ഒടുവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കായിരുന്നു താരമെത്തിയത്. നിലവിൽ അൽ നസറിന്റെ താരമായ റൊണാൾഡോയെ ബയേണ്ഡ മ്യൂണിക്കും ബോറൂസിയ ഡോർട്ടുമുണ്ടും നിരസിച്ചിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബിൽഡ് എന്ന ജർമൻ മാധ്യമമാണ് ഇക്കാര്യം പുറത്തുവിടുന്നത്. റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് താരത്തെ യൂറോപ്യൻ ക്ലബ്ബുകളിൽ തന്നെ നിലനിർത്താൻ വേണ്ടി ശ്രമിച്ചിരുന്നു. ഇതിനായി ബയേൺ മ്യൂണിക്കിനും ഡോർട്ട്മുണ്ടിനും അദ്ദേഹം റൊണാൾഡോയെ ഓഫർ ചെയ്തിരുന്നു. ബയേൺ സിഇഒ ഒലീവർ ഖാൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു എന്നും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
റൊണാൾഡോയുടെ വരവ് ഡ്രസിങ് റൂമിനെ ബാധിക്കുമെന്നും ടീംം സ്പിരിറ്റിന് ക്ഷമതമേൽപ്പിക്കുമെന്നും ക്ലബ്ബിലെ പ്രധാനികൾ ചിന്തിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീമിന്റെ വേതന രീതികളെയും അത് ബാധിച്ചേക്കാൻ സാധ്യതയുണ്ടെന്നും ബയേൺ കരുതിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോർട്ട്മുണ്ടും ഇതിൽ നിന്നും ഒഴിവായത്.