തുടർച്ചയായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ് വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയ്‌ക്കെതിരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. തുടർച്ചയായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി പൂജ്യത്തിന് പുറത്തായി. അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തിൽ വെറും നാല് പന്തുകൾ നേരിട്ട കോഹ്‌ലിയെ സേവ്യർ ബാർട്ട്ലെറ്റ് എൽ ബി ഡബ്ള്യുവിൽ കുരുക്കുകയായിരുന്നു. പെർത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ എട്ട് പന്തുകൾ നേരിട്ട താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോളിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
അഡ്‌ലെയ്ഡിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ചരിത്രനേട്ടത്തിൽ മുന്നിലെത്താനാവാനും വിരാട് കോഹ്‌ലിക്ക് സാധിച്ചില്ല. അഡ്ലെയ്ഡ് ഓവലില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡിൽ ഇന്ത്യയുടെ ഇതിഹാസനായകന് എം എസ് ധോണിയെ മറികടന്ന് ഒന്നാമതെത്താനുള്ള സുവർണാവസരമാണ് കോഹ്‌ലിക്ക് നഷ്ടമായത്. ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ 19 റൺസെങ്കിലും നേടിയിരുന്നെങ്കിൽ കോഹ്ലിക്ക് റെക്കോർഡിൽ ഒന്നാമതെത്താമായിരുന്നു. എന്നാല്‍ കരിയറിന്‍റെ അവസാന ഘട്ടത്തിലായ കോഹ്ലിക്ക് അഡ്ലെയ്ഡില്‍ ചരിത്രം കുറിക്കാനുള്ള അവസരം വളരെ കുറവാണ്.
നിലവിൽ ഓവലിൽ ഏകദിന ടോപ് സ്കോററായ രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോഹ്‌ലി. ഒന്നാമത് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയാണ്. ഓവൽ സ്റ്റേഡിയത്തില്‍ ആറ് ഏകദിന ഇന്നിങ്‌സില്‍ നിന്ന് 262 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളും 131 ശരാശരിയുമാണ് സൂപ്പർ താരത്തിന്റെ സമ്പാദ്യം.
അതേസമയം 244 റണ്‍സാണ് ഓവലിൽ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. നാല് ഇന്നിങ്‌സില്‍ 61 ശരാശരിയില്‍ ബാറ്റ് ചെയ്താണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. കൂടാതെ ഓവലില്‍ രണ്ട് സെഞ്ച്വറികളും കിംഗ് കോഹ്‌ലിയുടെ പേരിലുണ്ട്.