തിരക്കിട്ട ജീവിതത്തിൽ വെയിലേറ്റും അന്തരീക്ഷത്തിലെ മാലിന്യവുമെല്ലാം കാരണം പലപ്പോഴും നമ്മുടെ ചർമ്മത്തിന്റെ നിറം മങ്ങാറുണ്ട്. ഇത് ഇല്ലാതാക്കാൻ കടകളിൽ നിന്നും സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നതും സാധരണയാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഇവകളിൽ ചിലത് നമുക്ക് ഗുണത്തേക്കാൾ ഉപരി ഭാവിയിൽ ദോഷമായി തീർന്നേക്കാം.
പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ മുഖചർമ്മത്തിന്റെ നിറം വർദ്ധിപ്പിച്ച് സൗന്ദര്യം സംരക്ഷിക്കാം എന്നാണ്.ഇതുവഴി പരസ്യങ്ങളിൽ വാഗ്ദ്ധാനം നൽകുംപോലെ നിറം കുറഞ്ഞവർക്ക് വെളുത്തനിറം നേടാമെന്നല്ല പറയുന്നത്.നിങ്ങൾ നിങ്ങളുടെ സ്വന്തം ശരീരത്തിൽ തന്നെ സുന്ദരികളാണ്.എന്നാൽ പലകാരണങ്ങളാൽ അടിഞ്ഞുകൂടിയ ചർമ്മത്തിലെ മാലിന്യങ്ങൾ കളഞ്ഞ് പഴയ നിറം തിരിച്ചുനേടാനുള്ള ചില വിദ്യകളാണ്.
കൃത്യമായി ഉറങ്ങുക
ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് നിങ്ങൾക്കറിയാമല്ലോ.നമ്മുടെ സൗന്ദര്യത്തിലും ഉറക്കത്തിന് പങ്കുണ്ട്.ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ലഭിക്കാത്ത പക്ഷം അത് നമ്മുടെ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാം.വേണ്ടത്ര വിശ്രമം ലഭിച്ചാൽ മാത്രമേ നമ്മുടെ സൗന്ദര്യത്തെ പുറത്തെടുക്കാൻ ശരീരത്തിന് സാധിക്കു.നന്നായി ഉറങ്ങിയാൽ അത് നമ്മുടെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അതുവഴി തിളക്കമാർന്ന ചർമ്മത്തോടുകൂടി ഉണരാൻ നമ്മെ സഹായിക്കുന്നു.നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ കൺതടങ്ങൾ കറുക്കാനും മുഖത്തിന്റെ നിറം കുറയ്ക്കാനും ഇടയാക്കുന്നു.
വേണ്ടത്ര വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ജലാംശം നിലനിർത്താനും ചർമ്മത്തിന്റെ തിളക്കത്തിനും സഹായിക്കും.ഒരു ദിവസം രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.ശരീരത്തിലെ വിഷാംശമെല്ലാം അകറ്റി ചർമ്മത്തിന്റെ ഭംഗിക്കും ഊർജ്ജസ്വലതയ്ക്കും ഇത് നല്ലതാണ്.
നല്ല ഭക്ഷണവസ്തുക്കൾ കഴിക്കുക
പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞ ഫലങ്ങളും കായ്ക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക.വിറ്റാമിൻ സി അടങ്ങിയതും കൊഴുപ്പും പഞ്ചസാരയുടെ അളവും കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ കോശങ്ങൾ നിർമ്മിച്ച് ചർമ്മഭംഗി കൂട്ടുന്നു.
എരിവും പുളിയും കൂടിയതും എണ്ണയിൽ വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക.
വ്യായാമം ചെയ്യുക
നിത്യം വ്യായാമം ചെയ്യുക.യോഗ,ഓട്ടം,നടത്തം പോലെയുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ രക്തയോട്ടം വർദ്ധിക്കുകയും വിയർപ്പുവഴി ശരീരത്തിലെ അനാവശ്യവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു.വ്യായാമത്തിനു ശേഷം ചർമ്മത്തിനൊരു തിളക്കം നിങ്ങൾക്കു തന്നെ അനുഭവപ്പെടുന്നതാണ്.
മുഖം വൃത്തിയായി സൂക്ഷിക്കുക
ദിവസവും മൂന്നുതവണയെങ്കിലും മുഖം ചൂടാറിയവെള്ളത്തിൽ കഴുകുക.വീര്യം കുറഞ്ഞ ഫേസ്‌വാഷ് ഉപയോഗിച്ചോ കഴുകാം.മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
സൺസ്‌ക്രീനുകൾ ഉപയോഗിക്കുക
സൂര്യന്റെ അപകടകാരികളായ രശ്മികളിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോഴെല്ലാം ഒരു സൺസ്‌ക്രീൻ പുരട്ടുക.തൊപ്പിയോ.കൂളിംഗ് ഗ്ലാസ്സുകളോ,ഷോളുകളോ ഉപയോഗിച്ച് അന്തരീക്ഷത്തിലെ മാലിന്യത്തിൽ നിന്നും സൂര്യനിൽ നിന്നും സംരക്ഷിക്കുക.
ആവി പിടിക്കുക
ആവിപിടിക്കുന്നത് നിങ്ങളുടെ മുഖത്തെ കോശങ്ങൾ തുറന്ന് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കെല്ലാം പുറന്തള്ളുന്നു.നാരങ്ങാത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവിപിടിക്കുന്നത് ഉത്തമമാകും.നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായകമാകും.കുറച്ചു സമയം ഇങ്ങനെ ചെയ്തതിന് ശേഷം വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് മുഖം ഒപ്പുക.








