പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച വിദ്യാലയങ്ങളും ഉന്നത സൗകര്യങ്ങളും നാടിന്റെ അഭിമാനമാകും. മികവിന്റെ കേന്ദ്രങ്ങളായി മാറിയ വിദ്യാലയങ്ങളുടെ പുതിയ കെട്ടിടങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കാരനെന്നോ പാവപ്പെട്ട വനെന്നോ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടി കൊടുക്കയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പശ്ചാത്തല സൗകര്യങ്ങളിലും, അക്കാദമിക്തലത്തിലും വലിയ വികസന മാണ് വിദ്യാലയങ്ങളില്‍ നടന്നത്. നാടാകെ ലോകോത്തര നിലവാര ത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് 6,80,000 ത്തില്‍ പരം കുട്ടികളാണ് പുതുതായി പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത്. അടുത്ത അധ്യയന വര്‍ഷം സ്‌കൂളിലെത്തുന്ന കുട്ടികള്‍ കാണുന്നത് പഴയ വിദ്യാലയങ്ങളായിരിക്കില്ല. പകരം മികവിന്റെ കേന്ദ്രങ്ങളാ യിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനുമുളള പ്രധാന സാമ്പത്തിക സ്രോതസ് കിഫ്ബിയാണ്. നാടിന്റെ വികസനത്തിനായി കിഫ്ബിയില്‍ നിന്നും 62000 കോടി രൂപയുടെ പദ്ധതികളാണ് സമര്‍പ്പിച്ചത്. പ്ലാന്‍ ഫണ്ട്, നബാര്‍ഡ്, ജനപ്രതിനിധികളുടെ ആസ്തിവികസനഫണ്ട് എന്നിവയും വിദ്യാലങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചു. 350 കോടിയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചത്. മഹാമാരിയുടെ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുവാനും വളരെ വേഗത്തില്‍ തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയല്‍ ജിഎല്‍.പി.എസ്. എന്നീ അഞ്ച് സ്‌കൂളുകള്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
മാനന്തവാടി ജി.വി.എച്ച്എസില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് മാനന്തവാടി നിയോജക മണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസി പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിച്ചത്. എം.എല്‍.എ അനുവദിച്ച 85 ലക്ഷം രൂപ വിനിയോഗിച്ചുള്ള വികസന പദ്ധതികളും അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി.സന്ദേശം അറിയിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, നഗര സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എം അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
വൈത്തിരി ജി. എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എന്‍.സി. പ്രസാദ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്പലവയല്‍ ജിഎല്‍.പി.എസില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍, ബത്തേരി ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ്.ബി. നായര്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ബി. സെനു തുടങ്ങിയവര്‍ പങ്കെടുത്തു.