പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേതഗതിയുമായി കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. നിലവിലുള്ള 2016-ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ( വേസ്റ്റ് മാനേജ്മെന്റ്) നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരടു രേഖ മാർച്ച് 11 ന് മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ കരട് രേഖയെപ്പറ്റി മേയ് 10 വരെ അഭിപ്രായങ്ങൾ അറിയിക്കാം .
പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമ്പോൾ സെപ്റ്റംബർ 30 മുതൽ പോളിത്തീൻ കാരി ബാഗുകളുടെ കനം 50 മൈക്രോണിൽ നിന്ന് 120 മൈക്രോണായി ഉയർത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവിൽ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും മറ്റും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.
2022 ജനുവരി 1 മുതൽ ആദ്യഘട്ട നിരോധനം നിലവിൽ വരും. ഇയർ ബഡ്ഡുകളുടെ പ്ലാസ്റ്റിക് പിടി, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ, തെർമോ കോൾ ഉപയോഗിച്ചുള്ള അലങ്കാരം ഉൾപ്പെടെ നിരോധിക്കും. രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതൽ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികൾ, കപ്പുകൾ, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങൾ ഇളക്കാനുള്ള കോലുകൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് പിവിസി ബാനറുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60 % മാത്രമാണ് ഇപ്പോൾ പുനരുപയോഗിക്കുന്നത്. ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശം ഗുണകരമാണ്. എന്നാൽ പ്ലാസ്റ്റിക് ഉൽപ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും കരടിന് അന്തിമ രൂപം നൽകുകയെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.








