വള്ളികുന്നം (ആലപ്പുഴ): കുത്തേറ്റുമരിച്ച പത്താംക്ളാസ് വിദ്യാർഥി അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിൽ എത്തിച്ചപ്പോൾ എല്ലാവരുടെയും അടക്കിപ്പിടിച്ച രോദനം അലമുറയ്ക്ക് വഴി മാറി . പെൺകുട്ടികളടക്കമുള്ള സഹപാഠികളും മറ്റു കൂട്ടുകാരും നാട്ടുകാരായ സ്ത്രീകളുമെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്തുവും അച്ഛൻ അമ്പിളികുമാറും ബന്ധുക്കളും പിടിച്ചുനിൽക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഒട്ടേറെ നാട്ടുകാരും സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം അഭിമന്യുവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്.
സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം മുദ്രാവാക്യംമുഴക്കി വിലാപയാത്രയിലുണ്ടായിരുന്നു. അഭിമന്യുവിന്റെ വീടിനുതൊട്ടടുത്തുള്ള സി.പി.എം. വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് മുറ്റത്തെ പന്തലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. നാട്ടുകാരും പാർട്ടി പ്രവർത്തകരും അടക്കമുള്ളവർ അവിടെ അന്ത്യോപചാരം അർപ്പിച്ചു. പ്രവർത്തകർ പാർട്ടിപ്പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറിനുശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ ഒട്ടേറെയാളുകൾ അവിടെയും അന്ത്യാഞ്ജലിയേകി.
രണ്ടുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പാർട്ടി പ്രർത്തകർ മുദ്രാവാക്യം വിളിയോടെ വിടനൽകി. പിന്നീട്, അനുശോചനസമ്മേളനവും ചേർന്നു.
വിഷുദിനത്തിൽ പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവർത്തകനായ അഭിമന്യു കുത്തേറ്റുമരിച്ചത്.
വിങ്ങിപ്പൊട്ടി കാശിനാഥ്
ഉത്സവപ്പറമ്പിൽ അഭിമന്യുവിനുനേരേ കത്തി ഉയർന്നപ്പോൾ അവനെ പിടിച്ചുമാറ്റി രക്ഷിക്കാൻ ശ്രമിച്ച കാശിനാഥിന് ഉറ്റകൂട്ടുകാരന്റെ അനക്കമറ്റ ശരീരം കണ്ടുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാശിനാഥ് പ്രിയപ്പെട്ടവനു വിടനൽകിയത്. അഭിമന്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈക്ക് സാരമായി പരിക്കേറ്റ് കാശിനാഥ് ആശുപത്രിയിലായിരുന്നു. അവിടെനിന്നാണ് അച്ഛൻ ജയപ്രകാശിനൊപ്പം അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനും ആശുപത്രിക്കിടക്കയിൽനിന്നാണു കാശിനാഥ് പോയത്. അപ്പോൾ അഭിമന്യുവിന്റെ മരണവിവരം അറിയിച്ചിരുന്നില്ല. പരിക്കേറ്റ് ആശുപത്രിയിലാണെന്നുമാത്രമാണ് പറഞ്ഞത്.