മേപ്പാടി : വയനാട് ജില്ലാ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വീടില്ലാത്ത സഹപാഠിക്കായി സ്നേഹഭവനം ഒരുങ്ങുന്നു. പുത്തുമല സ്വദേശിയും മേപ്പാടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വെണ്ണിലയുടെ ആറംഗ കുടുംബത്തിനാണ് സ്നേഹഭവനം നിർമ്മിച്ച് നൽകുന്നത്. ഗൃഹനിർമാണത്തിന് ചെമ്പോത്തറയിൽ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് വയനാട് ജില്ലാ നാഷണൽ സർവീസ് സ്കീമിന്റെ വീടൊരുങ്ങുന്നത്. വയനാട് ജില്ലയിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രവർത്തിക്കുന്ന 54 യൂനിറ്റുകളിലെയും വളണ്ടിയർമാർ സ്വന്തം വീടുകളിലെ പാഴ് വസ്തുക്കൾ, പഴയ പേപ്പർ മുതലായവ ശേഖരിച്ച് വിറ്റു കിട്ടുന്ന ചെറുതും വലുതുമായ തുക പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ കൈമാറി ജില്ലാ തലത്തിൽ സമാഹരിച്ചാണ് വീടു നിർമാണത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്. സ്ക്രാപ് ചലഞ്ച് എന്ന പരിപാടിക്ക് വൊളണ്ടിയർമാർ വളരെ ഉദാരവും മാതൃകാ പരവുമായ സമീപനമാണ് പുലർത്തുന്നതെന്ന് ജില്ലാ കൺവീനർ കെ എസ് ശ്യാൽ അഭിപ്രായപ്പെട്ടു.
സമൂഹസേവനത്തിലൂടെ വ്യക്തിത്വ വികസനമെന്ന എൻ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രവർത്തന പരിപാടിയാണ് ഗൃഹനിർമാണം . കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ലളിതമായ ചടങ്ങാണ് തറക്കല്ലിടലിന് സംഘടിപ്പിച്ചത് . ചെമ്പോത്തറയിൽ കല്ലുമലയ്ക്കടുത്ത് അഞ്ചു സെന്റിൽ നടത്തിയ തറക്കല്ലിടൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജു കെ കെ ,എൻ എസ് എസ് വയനാട് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ.എസ് എന്നിവർ ചേർന്ന് നിർവഹിച്ചു.എൻഎസ്എസ് ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി കെ , രജീഷ് എ.വി , സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മല എം. മാത്യു,ശ്രീകുമാർ ജി ,പ്രോഗ്രാം ഓഫീസർമാരായ സതീശൻ .എസ് ,ക്രിസ്റ്റൽ രാജം, മേപ്പാടി ഹയർ സെക്കന്ററിയിലെ മുൻ വളണ്ടിയർ ലീഡർ മഹേഷ് എം, സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗുണഭോക്താവിനെ കണ്ടെത്താൻ യൂനിറ്റു തലത്തിൽ വളണ്ടിയർമാർ , പ്രോഗ്രാം ഓഫീസർമാർ എന്നിവരുടെ നിർദ്ദേശാനുസരണം കിട്ടിയ അപേക്ഷകൾ എൻ എസ് എസ് ജില്ലാ തലത്തിൽ പരിഗണിച്ച് ഏറ്റവും അർഹതപ്പെട്ടവർക്കാണ് ഗൃഹം നിർമിച്ചു നൽകുന്നത് .