തിരുവനന്തപുരം: സത്യ പ്രതിജ്ഞ ചെയ്യാനിരിക്കുന്ന രണ്ടാമത് പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം ഇന്നറിയാം. ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ എണ്ണം തീരുമാനിക്കും. യോഗത്തിനു മുമ്പായി സിപിഎം നേതാക്കള്‍ യോഗം ചേരുന്നുണ്ട്.കേരള കോണ്‍ഗ്രസ് – എം , എന്‍സിപി , ജനതാദള്‍ – എസ്, കേരള കോണ്‍ഗ്രസ്-ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും.എന്നാല്‍, മറ്റു ചെറിയ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കുന്നതിനെ സംബന്ധിച്ച് ധാരണയായിട്ടില്ല. മന്ത്രിസ്ഥാനം ചെറിയ പാര്‍ട്ടികള്‍ പങ്കിടണമെന്ന തീരുമാനം ഉണ്ടായാല്‍ ഐഎന്‍എല്ലിനു മന്ത്രിയെ ലഭിച്ചേക്കും.
എന്‍സിപിയിലെ മന്ത്രിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജനതാദള്‍-എസിലും ഇതേ പ്രതിസന്ധിയുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്, കെ. രാധാകൃഷ്ണന്, കെ.കെ. ശൈലജ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗങ്ങളാകും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന് എന്നിവരെ വീണ്ടും മന്ത്രിമാരായി പരിഗണിക്കുന്ന കാര്യം നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാന്, വി. ശിവന്‍കുട്ടി, എ.സി. മൊയ്തീന്, എം.ബി. രാജേഷ് എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വനിതാ എംഎല്‍എമാരായ കാനത്തില്‍ ജമീല, വീണ ജോര്‍ജ് എന്നിവരും പരിഗണനയിലുണ്ട്. ഇന്നു രാവിലെ മന്ത്രിമാരുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.സിപിഐ മന്ത്രിമാരെ നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കും. സംസ്ഥാന കൗണ്‍സിലിനു മുന്‍പായി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും. കെ. രാജന്, പി. പ്രസാദ്, ജി.ആര്. അനില്‍, പി.എസ്. സുപാല്‍, ചിഞ്ചുറാണി എന്നിവരാണ് മന്ത്രിമാരാകാന്‍ സാധ്യത.
ജനതാദള്‍ എസില്‍ മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് ധാരണ. ആദ്യ ടേം വേണമെന്ന് കെ. കൃഷ്ണന് കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാത്യു ടി. തോമസിനു നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ജനതാദള്‍ എസിലെ തര്‍ക്കം പരിഹരിച്ച് നാളെ മന്ത്രിയെ തീരുമാനിക്കണമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്‍സിപിയും ഇതേ ഫോര്‍മുല പരിഗണിക്കുന്നുണ്ട്. എ.കെ. ശശീന്ദ്രന് ആദ്യ ടേം മന്ത്രിയാകാനാണ് സാധ്യത.ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആന്റണി രാജുവും കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായി കെ.ബി. ഗണേഷ് കുമാറും മന്ത്രിസഭയിലെത്തും. 20നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.