തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പ്രധാന റോഡുകളൊഴികെയുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. ജനസഞ്ചാരം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അതിര്‍ത്തികളിലും ഇടറോഡുകളിലും അടക്കം പൊലീസ് പരിശോധന ശക്തമാക്കി. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടാകു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.പാല്‍, പത്ര വിതരണം രാവിലെ 8 മണിക്ക് മുൻപ് പൂര്‍ത്തിയാക്കണം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ‍് കൈയില്‍ കരുതണം. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാനം ഒറ്റ അക്കമുള്ളവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലേ പുറത്തിറങ്ങാവൂ. ഇരട്ട അക്കം ഉള്ളവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പറത്തിറങ്ങാം. തൃശ്ശൂരില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. പകരം സാധനങ്ങള്‍ എത്തിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡ് സമിതി, ഡോര്‍ ഡെലിവറി എന്നിവയെ ആശ്രയിക്കണം.
മറ്റിടങ്ങളില്‍ അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിച്ചു. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ളസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രമാക്കി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനം വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ നിന്ന് വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രം ഉണ്ടാകും. റേഷന്‍ കടകള്‍ക്കും പാല്‍ ബൂത്തുകള്‍ക്കും വൈകിട്ട് അഞ്ചുവരെ തുറക്കാം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.