ജിദ്ദ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ യാത്രാവിലക്ക് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ യു.എ.ഇ., കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദി യാത്രാ വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയത്.
പ്രവേശനം നിബന്ധനകളോടെ.
കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറുമാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.
ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകരിച്ചിരുന്ന വാക്സീനുകൾ. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാർക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല.
2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞർ ഉൾപ്പെടെ ചില വിഭാഗക്കാരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.








