ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ജൂലൈ പകുതിയോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യത്തോടെയോ പ്രതിദിനം ഒരു കോടി കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുമെന്നും ഡോ. ഭാര്‍ഗവ അറിയിച്ചു.
വര്‍ഷാവസാനത്തോടെ 108 കോടി ജനങ്ങളുടെ വാക്‌സിന്‍ പൂര്‍ത്തിയാകുമെന്നാന്നും ഭാവിയില്‍ വാക്‌സിന്‍ ക്ഷാമമുണ്ടാകാനുള്ള സാഹചര്യങ്ങളുണ്ടാകില്ലെന്നും ഐസിഎംആര്‍ അറിയിച്ചു. എന്നാല്‍, രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുത്ത് നിലവിലെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പുതിയ ഉത്പാദകര്‍ക്ക് ചുവടുറപ്പിക്കാനും സാവകാശം നല്‍കേണ്ടതുണ്ടെന്ന് ഡോ ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.
പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചതും കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചെങ്കിലും ഈ മാര്‍ഗങ്ങള്‍ സുസ്ഥിര പരിഹാരം അല്ലാത്തതിനാല്‍ അത്തരം നടപടികളെ ദീര്‍ഘകാലത്തേക്ക് ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബറോടെ 200 കോടിയിലധികം ഡോസുകള്‍ ലഭ്യമാകുമെന്ന കേന്ദ്ര ഉപദേഷ്ടാവിന്റെ അറിയിപ്പ് ചൂണ്ടിക്കാട്ടി ഡോ. ഭാര്‍ഗവ പറഞ്ഞു.രാജ്യത്ത് നിലവില്‍ പ്രതിമാസം 8.5 കോടി ഡോസുകള്‍ അഥവാ പ്രതിദിനം 28.33 ലക്ഷം വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കേന്ദ്രം കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചത്. ജൂലൈയോടെ ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഇതോടൊപ്പം അറിയിച്ചിരു്ന്നു. നിലവില്‍ കൊവിഷീല്‍ഡും കോവാക്‌സിനുമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. സ്പുട്‌നിക് വി നിര്‍മ്മാണവും ആരംഭിക്കുകയാണ്.ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവരുടെ വാക്‌സിനുകള്‍ക്ക് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡേണയുടെ സിംഗിള്‍ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഫാര്‍മ കമ്പനിയായ സിപ്ല അംഗീകാരം ആവശ്യപ്പെട്ടിട്ടുമുണ്ട്.