ടി-20 ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ബിസിസിഐക്ക് ജൂൺ 28 വരെ സമയം. ജൂൺ 28നകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ഐസിസി നൽകിയിരിക്കുന്ന നിർദ്ദേശം.ഐസിസി പ്രതിനിധികൾ ബിസിസിഐ പ്രസിഡൻ്റും സെക്രട്ടറിയുമായി ചർച്ച നടത്തും.
അതേസമയം, ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടത്തും. സെപ്തംബർ-ഒക്ടോബർ വിൻഡോയിലാണ് മത്സരങ്ങൾ നടത്തുകയെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബിസിസിഐയുടെ അറിയിപ്പ്.
31 മത്സരങ്ങളാണ് ഇനി ഐപിഎലിൽ നാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബിസിസിഐ അറിയിച്ചിട്ടില്ല. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമിലെ താരങ്ങളൊന്നും ഐപിഎലിനെത്തില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് താരങ്ങളെ ഐപിഎലിനു വിടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.