തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ കാരണം.
കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രോഗികളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴര വരെ തുറന്ന് പ്രവര്‍ത്തിക്കാം.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കൂ.
റെയില്‍-വ്യോമ മാര്‍ഗം വരുന്ന യാത്രക്കാര്‍ ടിക്കറ്റ് കയ്യില്‍ കരുതണം. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പൊലീസ് പരിശോധനയും കൂടുതല്‍ കടുപ്പിക്കും. സത്യവാങ്മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നതിനും പുതിയ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.