കേരളാ പുരോഗമന വേദിയുടെ 2020ലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് പരിസ്ഥിതി പ്രവര്‍ത്തകനായ ഏച്ചോം ഗോപിക്ക്. പതിനായിരം രൂപയും വൃക്ഷത്തൈയുമാണ് അവാര്‍ഡ്. ജൂണ്‍ അവസാന വാരം വയനാട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ദാനം നടക്കുമെന്ന് പ്രസിഡന്റ് അഡ്വ രാജേഷ് ഇടതട്ട, സെക്രട്ടറി കുന്നുമ്മല്‍ രാജന്‍ എന്നിവര്‍ അറിയിച്ചു. ഓരോ പരിസ്ഥിതി ദിനവും കടന്നു പോകുമ്പോഴും ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വളര്‍ന്നു വരുന്ന മരങ്ങളുടെ എണ്ണവും കൂടുകയാണ്. വിവിധ മരങ്ങള്‍ കൊണ്ട് നിറഞ്ഞ ഈ കൃഷിയിടം ഒരു കാവിനു തുല്യമാണ്.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരങ്ങള്‍ അടക്കം നൂറിലധികം ഇനത്തിലുള്ള മരങ്ങള്‍ ഗോപിയുടെ മൂന്നര ഏക്കര്‍ കൃഷിയിടത്തിലുണ്ട്. ഇലഞ്ഞി, കണിക്കൊന്ന, ശീമക്കൊന്ന. ചെമ്പകം, അത്തി, നാരകം, അയനി, താന്നി, കുന്നി, പാല, ചേര്, പേര, നെല്ലി, അശോകം, ബദാം, ഏഴിലംപാല, വാളന്‍പുളി, പനകള്‍, മുള, കാഞ്ഞിരം, ഇരുമ്പകം, കാറ്റാടി, കടമ്പ്, അരിനെല്ലി, മാവ്, തെങ്ങ്, കമുക്, ആര്യവേപ്പ് തുടങ്ങി ചന്ദനം വരെ ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. 150 വര്‍ഷത്തോളം പഴക്കമുള്ള അമ്മച്ചിപ്ലാവും ഈ തോട്ടത്തിലെ പ്രത്യേകതയാണ്.
10 പുത്രന്‍ന്മാര്‍ക്ക് തുല്യമാണ് ഒരു മരമെന്ന പഴമൊഴിയാണ് ഇദ്ദേഹത്തെ വീട്ടുമുറ്റത്തു പോലും മരങ്ങള്‍ നടാന്‍ ഇപ്പോഴും പ്രേരിപ്പിക്കുന്നത്. മരങ്ങള്‍ക്ക് പുറമേ കുളങ്ങളും വയലും പരിപാലിക്കുന്നതില്‍ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഈ കര്‍ഷകന്‍ മുന്‍പന്തിയിലാണ്. പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടു പോകുകയല്ല വേണ്ടത് അതിനെ പരിപാലിക്കാന്‍ മറക്കരുതെന്നും മരങ്ങള്‍ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കണമെന്നും ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.
വയനാട്ടിലെ പ്രമുഖ സാഹിത്യകാരന്‍ കൂടിയാണ് ഏച്ചോം ഗോപി. ചെറുകഥ മത്സരത്തില്‍ മുംബൈ മലയാളി സമാജം നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് ചരിത്രവും ഐതീഹ്യവും, ഗ്രാമങ്ങളിലുടെ , നാട്ടറിവുകള്‍ തുടങ്ങിയവ രചിച്ചിട്ടുണ്ട്.