ലഖ്നോ:ഉത്തർപ്രദേശിലെ ബധോനിയിൽ വിവാഹദിനത്തിൽ കാമുകിയെ കാണാൻ പെൺവേഷം ധരിച്ചെത്തിയ കാമുകനെ കൈയോടെ പിടികൂടി ബന്ധുക്കൾ. വിവാഹദിനത്തിൽ പെൺകുട്ടിയെ കാണാൻ പെൺവേഷം ധരിച്ചാണ് യുവാവ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നുയതിനെ തുടർന്ന് സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോകുകയായിരുന്നു ഇതോടെയാണ് ബന്ധുക്കൾ യുവാവിനെ പിടികൂടിയത്.
എന്നിട്ടും പെൺകുട്ടിയെ കാണണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. വീട്ടിലെത്തി നേരെ പെൺകുട്ടിയുടെ മുറിയിൽെചന്ന് കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചുവന്ന സാരിയും തലയിൽ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന യുവാവിനെ വിഡിയോയിൽ കാണാം.
ബന്ധുക്കൾ യുവാവിന്‍റെ വിഗ്ഗ് എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ പൊലീസിനെ അറിയിക്കാൻ ഒരുങ്ങിയതോടെ വീടിന് പുറത്ത് ബൈക്കിൽ കാത്തിരുന്ന സുഹൃത്തുക്കൾക്കൊപ്പം യുവാവ് കടന്നുകളയുകയായിരുന്നു.