പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് തിരഞ്ഞവരും, പ്രചരിപ്പിച്ചവരുമായ 28 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് 21.1 എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 370 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാവിലെയാണ് റെയ്ഡ് നടന്നത്.
ഒരേസമയം സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ഉപകരണങ്ങളില്‍ നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു.
പ്രതികള്‍ സാങ്കേതിക സഹായത്തോടെ വിദഗ്ധമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ അവ ഡിലീറ്റ് ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു.കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പണം നല്‍കി ലൈവായി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.