വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കന്നഡ നടൻ സഞ്ചാരി വിജയ് (38) മരിച്ചു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 12ന് വിജയ്യും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടാണ് വിജയ്ക്ക് ഗുരുതര പരിക്കേറ്റത്.
തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് ബ്രെയിൻ സർജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു. മഴയിൽ നനഞ്ഞ് കിടന്ന റോഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.
സുഹൃത്തായ നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.വിജയ്ക്ക് തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാൻ വളരെയധികം വേദനയുണ്ടെന്ന് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടൻ കിച്ച സുദീപ് ട്വീറ്റ് ചെയ്തു.