ഒരു വർഷത്തിലേറെക്കാലമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി എസ് ഉമാശങ്കർ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ സുരേഷിനെ സസ്പെൻഡ് ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടിയിലും തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ എൽ ഡി എഫുകാരായ പഞ്ചായത്ത് അംഗങ്ങളുടെ പരാതി പ്രകാരം രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായി കേസ് എടുത്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾ തങ്ങൾക്ക് ലഭിച്ച വാക്സിൻ സ്ളോട്ടുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഊഴവും കാത്ത് ക്യൂ നിൽക്കുമ്പോൾ അധികാരത്തിൻ്റെ മുഷ്ടി ചുരുട്ടി ഉദ്യോഗസ്ഥരെ വിരൽ തുമ്പിൽ നിർത്തി വാക്സിൻ സ്വീകരിച്ച പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടി പുറം ലോകം അറിഞ്ഞതിൻ്റെ ജാള്യത മറക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയതത്. പഞ്ചായത്ത് പ്രസിഡൻ്റുമാർ അവരവരുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും അധികാര ദുർവ്വിനിയോഗത്തിന് ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പ്രസിഡൻ്റ് പി ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് സെബാസ്റ്റ്യൻ , പി ജെ ഷൈജു ചുള്ളിയാണ, ജെയിംസ് കുര്യൻ, ഇ ടി രതീഷ് എന്നിവർ പ്രസംഗിച്ചു.