കൊച്ചി• സ്വന്തം കാറിലിരുന്നു ബിഗ് സ്ക്രീനിൽ സിനിമ കാണാനാകുന്ന ‘ഡ്രൈവ് ഇൻ സിനിമ’ രാവുകൾ ഇനി മുതൽ കൊച്ചിക്കും സ്വന്തം.ബെംഗളൂരു, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പല നഗരങ്ങളിലും ഡ്രൈവ് ഇൻ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന സൺസെറ്റ് സിനിമാ ക്ലബ്ബാണ് ഇതൊരുക്കുന്നത്. ഇന്നലെ വൈകിട്ട് 7.30ന് കൊച്ചിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രദർശനത്തിൽ ‘ബാംഗ്ലൂർ ഡേയ്സ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ആദ്യ ദിനത്തിൽ 15 അതിഥികൾക്കാണു ചിത്രം കാണാൻ അവസരം ലഭിച്ചത്.
തുറസ്സായ സ്ഥലങ്ങളിൽ, നിശ്ചയിക്കപ്പെട്ട സമയത്ത്, കാറിലെത്തി, കാറിനുള്ളിൽ തന്നെയിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാനാവുന്ന സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകൾ. കൃത്യമായ അകലം പാലിച്ച് വലിയ സ്ക്രീനിന് അഭിമുഖമായി പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലിരുന്നു സിനിമ കാണാം. റേഡിയോ മുഖേന കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും ലഭിക്കും. ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യണം. സൺസെറ്റ് സിനിമാ ക്ലബ്ബിൽ അംഗങ്ങളാകുന്നവർക്കാണു സ്ക്രീനിങ്ങുകളിൽ മുൻഗണന. ടിക്കറ്റുകളുടെ ലഭ്യത കണക്കിലെടുത്തു മറ്റുള്ളവരെയും പ്രവേശിപ്പിക്കും. 999 രൂപയാണ് ഒരു കാറിനുള്ള ടിക്കറ്റ് നിരക്ക്. നികുതി ഉൾപ്പെടെ 1180 രൂപയാകും. ഒരു കാറിൽ പരമാവധി 4 പേരെ അനുവദിക്കും.
സ്ഥലസൗകര്യം നൽകി മുൻകൂട്ടി അറിയിച്ചാൽ ഒരു സംഘം ആളുകൾക്കായി സ്വകാര്യ സ്ക്രീനിങ് നടത്താനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി പ്രത്യേക കൗണ്ടറുകളുണ്ടാകും. സിനിമ പ്രദർശിപ്പിക്കുന്നതിനിടയിൽ ശുചിമുറി ഉപയോഗത്തിനോ ഭക്ഷണം വാങ്ങുന്നതിനോ അല്ലാതെ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ല. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബന്ധമാണ്. ഈമാസത്തെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ലെ മെറിഡിയനിൽ പ്രദർശനമുണ്ടാകും. 17,18 തീയതികളിൽ ബോളിവുഡ് സ്പെഷലും 24, 25 തീയതികളിൽ ബ്ലോക്ക്ബസ്റ്റർ സ്പെഷലും 30, 31 തീയതികളിൽ ഹൊറർ സ്പെഷലുമാണ് ഒരുക്കിയിട്ടുള്ളത്.