ബെംഗളൂരു: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. പുതുവര്‍ഷാഘോഷപരിപാടികള്‍ പുലര്‍ച്ചെ ഒന്നിനുമുന്‍പ് അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകറാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആര്‍. അശോകയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും കോളേജുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി അറിയിച്ചു.
കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ഇരിപ്പിടത്തിന്റെ എണ്ണത്തില്‍ കൂടുതല്‍ ആളുകല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.