ഇൻസ്റ്റഗ്രാമിലെ ഹാഷ്ടാഗുകൾ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിൽ താജ്മഹൽ ഒന്നാമത്. 2.4 ദശലക്ഷം ഹാഷ്ടാഗുകളാണ് താജ്മഹലിന്റേതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ടത്
ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം 2.2 ദശലക്ഷം ഹാഷ്ടാഗുകളുള്ള അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയാണ് മൂന്നാം സ്ഥാനം നേടിയത്. പെറുവിലെ മാച്ചു പിച്ചു, ജോർദാനിലെ പെട്ര എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തെത്തിയിരിക്കുന്നത്.
ലോകത്തിൽ തന്നെ കൂടുതൽ സഞ്ചാരികളെത്തുന്ന സ്മാരകത്തിൽ പ്രധാനിയാണ് താജ്മഹൽ.
വെർസൈൽസ് കൊട്ടാരം ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും മുൻ ഭരണസിരാകേന്ദ്രവുമാണ്. ലോകചരിത്രത്തിലെ നിർണായകമായ പല സംഭവങ്ങൾക്ക് വേദിയായ കെട്ടിടം എന്ന നിലയിൽ കൂടിയാണ് വെർസൈൽസ് കൊട്ടാരം ലോകത്താകമാനമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട പ്രകൃതിദത്ത പൈതൃക കേന്ദ്രമായി അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ തിരഞ്ഞെടുക്കപ്പെട്ടു. 4.3 ദശലക്ഷം ഹാഷ്ടാഗുകളാണ് ഗ്രാൻഡ് കാന്യന് ഈ നേട്ടം സ്വന്തമാക്കി കൊടുത്തത്. 3.7 ദശലക്ഷം ഹാഷ്ടാഗുകളുമായി ഇറ്റലിയിലെ അൽമാഫി കടൽതീരം രണ്ടാമതെത്തി. ഇസ്താംബുൾ നഗരം ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട പൈതൃക നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. റോമും പ്രാഗുമാണ് ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.