ക്യാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ എത്തുന്നു; ലോകം മാറ്റിമറിച്ചേക്കാവുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാല്‍ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതില്‍ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും ഈ വാക്സിൻ നിർമിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഒരു വലിയ പ്രഖ്യാപനം നടത്തി.

കാൻസർ വാക്സിൻ നിർമ്മിക്കുന്നതിന് റഷ്യൻ ശാസ്ത്രജ്ഞർ വളരെ അടുത്ത് എത്തിയിട്ടുണ്ടെന്നും എല്ലാം ശരിയായാല്‍ അത് ഉടൻ തന്നെ രോഗികള്‍ക്ക് ലഭ്യമാകുമെന്നും പുടിൻ പറഞ്ഞു. പുതിയ തലമുറയ്‌ക്കായി കാൻസർ വാക്‌സിനും ഇമ്മ്യൂണോമോഡുലേറ്ററി മെഡിസിനും നിർമിക്കുന്നതിന് തങ്ങള്‍ വളരെ അടുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള കാൻസറിനെതിരെയുള്ളതാണ് വാക്സിനെന്നും പ്രവർത്തനരീതികള്‍ എങ്ങനെയെന്നും പുടിൻ വ്യക്തമാക്കിയിട്ടില്ല.

ബയോടെക് മൂന്നാം പരീക്ഷണം: റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്‌, ലോകത്തിലെ പല രാജ്യങ്ങളും കമ്ബനികളും കാൻസർ വാക്സിനുകള്‍ നിർമ്മിക്കുന്നതില്‍ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സർക്കാരും ഒരു ജർമ്മൻ ബയോടെക് കമ്ബനിയും തമ്മില്‍ കരാർ ഒപ്പിട്ടിരുന്നു. ഇതിന് കീഴില്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ അതിൻ്റെ മൂന്നാമത്തെ ട്രയല്‍ ആരംഭിച്ചു. ഈ ട്രയലില്‍ പാർശ്വഫലങ്ങള്‍ കുറവാണെന്ന് കമ്ബനി അവകാശപ്പെടുന്നു. 2030 ഓടെ 10,000 രോഗികളില്‍ കാൻസർ വാക്സിൻ പരീക്ഷിക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം.

മോഡേണയുടെയും മെർക്കിൻ്റെയും സ്ഥിതി: ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളായ മോഡേണയും മെർക്ക് ആൻഡ് കമ്ബനിയും പരീക്ഷണാത്മക കാൻസർ വാക്സിനുകള്‍ വികസിപ്പിക്കുന്നുണ്ട്. നിലവില്‍ മധ്യഘട്ടത്തിലാണ്. സ്‌കിൻ കാൻസറായ മെലനോമ മൂലമുള്ള മരണങ്ങള്‍ ഈ വാക്‌സിനിലൂടെ വലിയ തോതില്‍ കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. മെലനോമയാണ് ഏറ്റവും അപകടകരമായ ത്വക്ക് അർബുദം.

എച്ച്‌പിവി വാക്സിൻ നിർമിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന 6 കമ്ബനികള്‍: ഇതിനെല്ലാം പുറമേ, നിലവില്‍ ആറ് കമ്ബനികള്‍ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ഇല്ലാതാക്കാൻ വാക്സിനുകള്‍ നിർമ്മിച്ചിട്ടുണ്ട്. ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കല്‍ കാൻസർ, എച്ച്‌പിവി മൂലമാണ് ഉണ്ടാകുന്നത്. ഇന്ത്യയിലും, സെറം ഇൻസ്റ്റിറ്റ്യൂട്ട് എച്ച്‌പിവി വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് രാജ്യത്തെ ഒമ്ബത് മുതല്‍ 14 വയസ്‌ വരെയുള്ള പെണ്‍കുട്ടികള്‍ക്ക് വലിയ തോതില്‍ സൗജന്യമായി നല്‍കാൻ സർക്കാർ പദ്ധതിയിടുന്നു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.