ഗണപതിവട്ടത്തെ കാവിക്കടലാക്കി ജെപി നദ്ദയുടെ റോഡ്ഷോ

ബത്തേരി: വയനാട്ടിൽ മാറ്റത്തിൻ്റെ ശംഖൊലിമുഴക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനൊപ്പം റോഡ്ഷോ നടത്തി. ആയിരക്കണക്കിന് പേർ അണിനിരന്ന റോഡ്ഷോ ഗണപതിവട്ടത്തെ കാവിക്കടലാക്കി മാറ്റി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും ശിങ്കാരിമേളവും നാസിക്ക് ഡോളും എൻഡിഎയുടെ ശക്തിപ്രകടനത്തിന് മിഴിവേകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കെ.സുരേന്ദ്രൻ്റെയും പ്ലക്കാർഡുകളുമേന്തി അമ്മമാർ നഗരം കീഴടക്കി. രാവിലെ 11.30 ന് അസംപ്ഷൻ ജംഗ്ഷനിലെത്തിയ ജെപി നദ്ദയെ പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ചെന്നൈയിൽ നിന്നും എത്തിയ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരുന്നു റോഡ്ഷോ. പ്രവർത്തകരുടെ ആവേശം അണപൊട്ടിയതോടെ അരമണിക്കൂറോളം സമയം അദ്ദേഹം പ്രസംഗിച്ചു. 12 മണിയോടെ ആരംഭിച്ച റോഡ്ഷോയുടെ അവസാന അറ്റം സമാപന സ്ഥലമായ ചുങ്കത്തെത്താൻ ഒന്നര മണിക്കൂറോളം എടുത്തു. ബത്തേരി നഗരം കണ്ട ഏറ്റവും വലിയ റാലിയായി നദ്ദയുടെ റോഡ്ഷോ മാറുകയും ചെയ്തു. കോഴിക്കോട് നിന്നും ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം പരിപാടി സ്ഥലത്തേക്ക് എത്തിയത്. റോഡ്ഷോയ്ക്ക് ശേഷം ഹെലികോപ്റ്ററിൽ തന്നെ പാലക്കാട്ടേക്ക് തിരിച്ചു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, പള്ളിയറ രാമൻ, വിപി ശ്രീപദ്മനാഭൻ, പ്രശാന്ത് മലവയൽ, കെ.സദാനന്ദൻ, സജി ശങ്കർ, സന്ദീപ് വാര്യർ, കെ.ശ്രീനിവാസൻ, അഖിൽ പ്രേം, എഎസ് കവിത തുടങ്ങിയ നേതാക്കൾ റോഡ്ഷോയ്ക്ക് നേതൃത്വം നൽകി.

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *