തിരുവനന്തപുരം : വ്യവസായ വികസനത്തിനായി കേരളത്തെ കൂടുതൽ സംരംഭക സൗഹൃദമാക്കാൻ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായത്തെ സംബന്ധിച്ച സഹായങ്ങൾക്കും സംശയനിവാരണത്തിനുമായി 1800 890 1030 എന്ന ടോൾ ഫ്രീ നമ്പർ സേവനം ആരംഭിച്ചു. ഈ നമ്പർ വഴി സംരംഭം തുടങ്ങാൻ ലഭ്യമായ സർക്കാർ സഹായങ്ങൾ, അതിനാവശ്യമായ അനുമതികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ ഒരു സംരഭകനു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വ്യവസായം തുടങ്ങുന്നതിനാവശ്യമായ അനുമതികൾ സുതാര്യമായും വേഗത്തിലും നൽകുന്നതിനു വേണ്ടി ആരംഭിച്ചഏറെ പ്രശംസ പിടിച്ചു പറ്റിയ കെ സ്വിഫ്റ്റ് എന്ന ഓൺലൈൻ ഏകജാലക സംവിധാനത്തിന്റെ പുതിയ പതിപ്പും പുറത്തിറക്കി.
ചുവപ്പ് വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ സഹായിക്കാനായി ഇൻവെസ്റ്റ്‌മെന്റ് ഫസിലിറ്റേഷൻ സെൽ സംവിധാനവും ആരംഭിച്ചു. സംരഭകർക്ക് വേണ്ട സഹായങ്ങൾ ഈ സെൽ വഴി നടപ്പിലാക്കും.
സംരഭകരും വ്യവസായികളുടെ സംഘടനകളും വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി കേരളത്തിന്റെ സംരഭക പദ്ധതികളും, വ്യവസായ – വാണിജ്യ വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനും, അവർക്കു മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ഇൻവെസ്റ്റർ കണക്റ്റ് എന്ന ഇ ന്യൂസ് ലെറ്റർ സംവിധാനവും സജ്ജമാക്കി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും പ്രവാസികളുടെ മടങ്ങി വരവും കണക്കിലെടുത്ത് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് സർക്കാർ. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പുതിയ നാല് സംവിധാനങ്ങളും സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് സഹായിക്കും.
കേരളത്തിലെ നിക്ഷേപരംഗത്തുള്ള അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തി, വികസനപ്രക്രിയയിൽ പങ്കാളികളാകാൻ നിക്ഷേപകർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും സർക്കാർ ഉറപ്പുതരും. ആവശ്യമായ എല്ലാ സഹായവും പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.