വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ചോദ്യം ഉയര്‍ത്തും. പക്ഷേ സംഭവിക്കാന്‍ പോകുന്നത് നാണക്കേടുള്ള കാര്യമാണ്. സുരക്ഷാ ജീവനക്കാര്‍ നിങ്ങളെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയും നിങ്ങളുടെ ബാഗിലുള്ള സാധനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.
അപ്പോഴായിരിക്കും കൊണ്ടുപോകാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ബാഗിലുണ്ടെന്ന് കണ്ടെത്തുന്നത്. വിമാന യാത്രയ്ക്ക് എത്തുമ്പോള്‍ നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒരിക്കലും കൊണ്ടുപോകരുതാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
വിമാന യാത്രയില്‍ ഒരിക്കലും ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍
മൂര്‍ച്ചയുള്ള വസ്തുക്കള്‍
കത്തികള്‍, കത്രികകള്‍, റേസര്‍ ബ്ലേഡുകള്‍, നഖംവെട്ടി എന്നിവ പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍. മറ്റുളളവര്‍ക്ക് ദോഷം വരുത്തുന്ന എന്തും വിമാനത്താവള സുരക്ഷാ ഏജന്‍സികള്‍ ആയുധമെന്ന നിലയിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബാഗിനുളളില്‍ മൂര്‍ച്ചയുള്ളത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
100 മില്ലിയില്‍ കൂടുതലുളള ദ്രാവകങ്ങള്‍
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 100 മില്ലിയില്‍ കൂടുതലുളള കുപ്പിയോ കണ്ടെയ്‌നറോ. അതില്‍ വെള്ളം, ഷാംപൂ, സോസ്, അച്ചാര്‍ അല്ലെങ്കില്‍ പെര്‍ഫ്യൂം എന്തായാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് നിരീക്ഷിക്കും. 100 മില്ലിയില്‍ കുറവുളള കുപ്പികള്‍ സുതാര്യമായ പൗച്ചില്‍ വയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.
ലൈറ്ററുകളും തീപ്പെട്ടികളും
നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ലൈറ്ററോ തീപ്പെട്ടിയോ പോലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞുവയ്ക്കും. ഈ വസ്തുക്കള്‍ തീപിടിക്കുന്ന അപകടകാരികളായ വസ്തുക്കളായി കണക്കാക്കുന്നു. പുകവലിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ഈ തെറ്റുകള്‍ സംഭവിക്കുന്നത്.