അന്താരാഷ്ട്ര വിദ്യാർഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിന്‍റെ ഭാഗമായാണ് ഫീസ് ഇരട്ടിയാക്കിയത്. ഇന്നു മുതല്‍ അന്താരാഷ്ട്ര സ്റ്റുഡന്‍റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആകും. അതേസമയം സന്ദർശക വിസയ്ക്കും താത്കാലിക ബിരുദ വിസയ്ക്കും ഇനി മുതല്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഉണ്ടായിരിക്കില്ല.
പുതിയ നിയമം അന്താരാഷ്‌ട്ര വിദ്യാഭ്യാസ സമ്ബ്രദായത്തിന്‍റെ സമഗ്രത പുനഃസ്ഥാപിക്കുമെന്നും കുടിയേറ്റത്തിലെ കുത്തൊഴുക്കു തടയാൻ സാധ്യമാണെന്നും ആഭ്യന്തരമന്ത്രി ക്ലെയർ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2023 സെപ്‌റ്റംബർ 30 വരെ മൊത്തം കുടിയേറ്റം 60 ശതമാനം ഉയർന്ന് 5,48,800 പേരില്‍ എത്തിയിരുന്നു. മാർച്ചില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
വിദ്യാർഥി വിസയ്ക്ക് യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.വിദേശ വിദ്യാർഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ നിയമങ്ങളിലെ പഴുതുകളും അടയ്ക്കുകയാണെന്ന് സർക്കാർ അറിയിച്ചു. ഓസ്ട്രേലിയയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും ഇത് ഇപ്പോൾ കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നു.








