2021 ജനുവരി മുതൽ ചെക്ക് ഇടപാടുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുന്നു. അമ്പതിനായിരമോ അതിനുമുകളിലോ ഉള്ള ചെക്ക് ഇടപാടുകൾക്കാണ് റിസർബാങ്ക് മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. ചെക്ക് തട്ടിപ്പ് കേസുകൾ കൂടികൊണ്ടിരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് രൂപീകരിച്ച പോസിറ്റീവ്സ് പേ സിസ്റ്റം” അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
നിലവിൽ ചെക്ക് പരിശോധിക്കാനായി ഒരുക്കിയിരിക്കുന്ന ട്രങ്കേഷന്‍ സിസ്റ്റത്തിതിൽ പോസിറ്റീവ് പേയ്ക്ക് കൂടിയുള്ള സൗകര്യം നാഷണൽ പെയ്മെന്റ് ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പിലാക്കും. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഇഷ്യു ചെയ്യുന്ന എല്ലാ ചെക്കുകളിലും ഇത് ഏർപ്പെടുത്താനുള്ള സൗകര്യം ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകൾക്ക് നൽകുന്നതാണ്.
പോസിറ്റീവ് പേയുടെ കീഴിൽ ഇഷ്യു ചെയ്യുന്ന ചെക്കിലെ വിവരങ്ങൾ ബാങ്കിനെ അറിയിക്കേണ്ടതാണ്. പോസിറ്റീവ് പേയുടെ ഇടപാടുകൾ വേണമോ എന്ന് ഉടമകൾക്ക് തീരുമാനിക്കാവുന്നതുമാണ്.പോസിറ്റീവ് പേ സിസ്റ്റം അനുസരിച്ച് ചെക്കിലെ തിയ്യതി, ചെക്ക് നല്‍കുന്ന/കൈപറ്റുന്നയാളുടെ പേര്, തുക എന്നിവ എസ്എംഎസ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ചെക്ക് ഉടമ പണം പിൻവലിക്കുന്ന ബാങ്കിലേക്ക് നൽകേണ്ടതാണ്. ഈ വിവരങ്ങൾ സിടിഎസ് വഴി പരിശോധിച്ചശേഷം മാത്രമേ പണം കൈമാറുകയുള്ളൂ. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇഷ്യൂ ചെയ്ത ആളുടെ പേരിലേക്ക് തന്നെ ചെക്ക് തിരിച്ച് അയക്കുന്നതായിരിക്കും.