-മാനന്തവാടി ഗാന്ധി പാർക്കിൽ ‘ബോംബിട്ടു’
-കിൻഫ്ര പാർക്കിൽ ‘മിസൈൽ ആക്രമണം’
മാനന്തവാടി:
ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി
ബുധനാഴ്ച വൈകിട്ട് നടത്തിയ സിവിൽ ഡിഫെൻസ് മോക്ക് ഡ്രിൽ, ‘ഓപ്പറേഷൻ അഭ്യാസ്’ വയനാട് ജില്ലയിലെ നാലിടങ്ങളിൽ വിജയകരമായി സംഘടിപ്പിച്ചു.
മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്, ചൂണ്ടേൽ കിൻഫ്ര വ്യവസായ പാർക്ക്, അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം (ആർഎആർഎസ്),
വൈത്തിരിയിലെ എൻ ഊര് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
മാനന്തവാടി ഗാന്ധി പാർക്കിൽ
‘ബോംബ് ആക്രമണ’മായിരുന്നു. വൈകീട്ട് നാലിന് ഉണ്ടായ ‘ആക്രമണ’ത്തിൽ രണ്ടു പേർ ‘മരണപ്പെട്ടു’.
അപകട അലാം മുഴങ്ങിയപ്പോൾ പരിക്കേറ്റ എട്ടു പേരെ ഉടൻ തന്നെ സമീപത്തുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. പരിക്കിന്റെ ആഴമനുസരിച്ച് ട്രയാജ് മേഖലയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.
24 സിവിൽ ഡിഫൻസ് വളണ്ടിയർമാരും 22 എൻസിസി കേഡറ്റുകളും 7 അഗ്നിരക്ഷ സേനാംഗങ്ങളും
രണ്ട് ഹോം ഗാർഡുകളും ആരോഗ്യ വിഭാഗത്തിൽനിന്ന് 52 പേരും പൊലീസിൽ നിന്ന് 15 പേരും പട്ടാളത്തിൽനിന്ന് മൂന്നുപേരും എൻസിസി ഓഫീസറായ ഒരാളും ഇവിടെ രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. മൂന്നു ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.
മാനന്തവാടി തഹസിൽദാർ
എം ജെ അഗസ്റ്റിൻ ആയിരുന്നു ഇൻസിഡന്റ് കമാൻഡർ. ആക്രമണം നടന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തയ്യാറെടുപ്പ് ആയിരുന്നു ഇവിടെ വിലയിരുത്തിയത്.
‘മിസൈൽ ആക്രമണ’ത്തിൽ ഒരു വ്യവസായ യൂണിറ്റിൽ ‘തീപിടിച്ചുണ്ടായ’ അത്യാഹിതമായിരുന്നു കിൻഫ്ര പാർക്കിൽ.
ഉടൻ തന്നെ കൽപ്പറ്റ അഗ്നി രക്ഷാസേന യൂണിറ്റിൽ നിന്നും
വാഹനങ്ങൾ എത്തി തീയണച്ചു. പരിക്കേറ്റ അഞ്ചു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷ സേന കല്പറ്റ സ്റ്റേഷൻ ഓഫീസർ പി കെ ബഷീർ ആയിരുന്നു ഇൻസിഡന്റ് കമാൻഡർ.
ആർഎആർഎസ് ക്യാമ്പസിലും എൻ ഊരിലും ആക്രമണ സൂചന ലഭിച്ചാലുള്ള തയ്യാറെടുപ്പ് ആയിരുന്നു പരിശോധിച്ചത്.
ആർഎആർഎസ് ക്യാമ്പസ്സിൽ ആകാശം വഴിയുള്ള
ആക്രമണത്തിന്റെ അലാം മുഴങ്ങിയപ്പോൾ തന്നെ കോളേജ് പരിസരത്ത് ഉണ്ടായിരുന്ന 150 പേരെ മിനിറ്റുകൾക്കുള്ളിൽ 4 ഗ്രൂപ്പായി തിരിച്ച് ക്ലാസ് മുറികളിലേക്ക് മാറ്റി. മുറികളുടെ ജനലുകളും വാതിലും അടച്ചു, വിളക്ക് അണച്ചു തയാറായി നിന്നു.
സുൽത്താൻ ബത്തേരി തഹസിൽദാർ ശിവദാസൻ എം എസ് ആയിരുന്നു ഇൻസിഡന്റ് കമാൻഡർ.
എൻ ഊരിൽ നിന്ന് 82 പേരെ 21 വാഹനങ്ങളിലായി അലാം മുഴങ്ങി മിനിറ്റുകൾക്കുള്ളിൽ സമീപത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി.
ഇവിടെ 32 സിവിൽ ഡിഫൻസ് വളണ്ടിയർമാരും 30 പോലീസുകാരും 19 എൻസിസി കേഡറ്റുകളും
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളും 10 റവന്യൂ ജീവനക്കാരും അഗ്നിരക്ഷാസേന യിലെ ആറു പേരും രണ്ട് ഹോംഗാർഡുമാരും എൻ ഊരിലെ 70 ജീവനക്കാരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
വൈത്തിരി തഹസിൽദാർ വി കുമാരി ബിന്ദുവായിരുന്നു ഇൻസിഡന്റ് കമാൻഡർ. വൈത്തിരി
ഇൻസ്പെക്ടർ സി ആർ അനിൽകുമാർ,
അഗ്നിരക്ഷാ സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ സതീഷ് ബാബു,
ഡെപ്യൂട്ടി തഹസിൽദാർ കെ അശോകൻ എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഓപ്പറേഷൻ അഭ്യാസിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും റസ്പോൺസിബിൾ ഓഫീസറും ജില്ലാ കളക്ടറുമായ ഡി ആർ മേഘശ്രീ മേൽനോട്ടം വഹിച്ചു.